| Monday, 30th January 2017, 12:25 pm

ലോ അക്കാദമി ഭൂമി വിവാദം: സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനന്തപുരം: ലോ അക്കാദമി ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. പരാതി ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ വിഷയം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രഥമ പരിഗണന വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കുന്നതിനാണ് നല്‍കുകയെന്നും അദ്ദേഹം പറയുന്നു.

ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. സമരപ്പന്തലില്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചശേഷമായിരുന്നു വി.എസ് നിലപാട് വ്യക്തമാക്കിയത്.

ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നും അത് രാഷ്്ട്രീയ സമരമാക്കരുതെന്നും കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധസമരമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ഭൂമി പ്രശ്‌നങ്ങളൊന്നും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും രാഷ്ട്രീയ സമരമാക്കി മുതലെടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞിരുന്നു. സമരം തുടങ്ങി 18 ാം ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രസ്താവന.

അതേസമയം ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.ഐ.എം നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി സി.പി.ഐ.എം നേതൃത്വം ചര്‍ച്ച നടത്തിയതിനു പിന്നാലെ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നു ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. സമരം ശക്തമാക്കുമെന്ന് കെഎസ്യു, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകളും അറിയിച്ചിട്ടുണ്ട്.

നേരത്തേ അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷക്കാലത്തേക്കു പരീക്ഷാ ചുമതലകളില്‍ നിന്നു വിലക്കാനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more