| Friday, 29th November 2013, 6:40 am

ലാവ്‌ലിന്‍: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.

തിരുവനന്തപുരത്തെ സി.ബി.ഐയുടെ പ്രത്യേകകോടതി വിധി റദ്ദാക്കി പിണറായി ഉള്‍പ്പെടെയുള്ളവരെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചു. ഇതിന്റെ വിചാരണയ്ക്കിടയിലാണ് ഹരജി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതായി സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചത്.

തുടര്‍ന്ന് രണ്ട് ഹരജികളും പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ജസ്റ്റിസ് തോമസ്. പി. ജോസഫിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നന്ദകുമാറിന്റെ ഹരജിയെത്തുടര്‍ന്നാണ് ലാവ്‌ലിന്‍ കേസ് അന്വേഷിക്കാന്‍   ഹൈക്കോടതി സി.ബി.ഐയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് വിചാരണയ്ക്ക് മുമ്പ് തന്നെ പ്രത്യേക കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ 5-ന് ആയിരുന്നു ഇത്.

നന്ദകുമാറിന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്. അതിനാല്‍ കോടതി വീണ്ടും ഹരജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം നല്‍കേണ്ടി വരും.

സി.എ.ജിയുടെ റിപ്പോര്‍ട്ടനുസരിച്ച് ലാവ്‌ലിന്‍ കരാര്‍ മൂലം സംസ്ഥാന ഖജനാവിന് 374 കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ട്. അക്കാരണത്താല്‍ സി.ബി.ഐയുടെ കുറ്റപത്രത്തെ സര്‍ക്കാരിന് ന്യായീകരിക്കേണ്ടി വരും.

തിരുവനന്തപുരത്തെ പ്രത്യേക കോടതി വിധിക്കെതിരെ ഹരജി നല്‍കണമെന്ന് തന്നെയാണ് സി.ബി.ഐ ചെന്നൈ ജോയിന്റ് ഡയറക്ടറുടെ നിലപാട്. ദല്‍ഹിയില്‍  സി.ബി.ഐ മേധാവിയും പ്രോസിക്യൂഷന്‍ മേധാവിയും കേസ് പഠിച്ച ശേഷമായിരിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

We use cookies to give you the best possible experience. Learn more