ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. പിണറായി വജിയനൊപ്പം എ. ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് അയച്ചത്.
കേസിലെ മൂന്ന് പ്രതികള്‍ക്കെതിരായ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിചാരണ നേരിടാന്‍ ഉത്തരവിട്ട പ്രതികളുടെ ഹരജിയിലാണ് തീരുമാനം. കേസിലെ കൂടുതല്‍ മെറിറ്റിലേക്ക് കോടതി പോയിട്ടില്ല.
അപ്പീല്‍ നിലനില്‍ക്കുന്നതാണന്നും അല്ലെങ്കില്‍ അപ്പീലില്‍ കഴമ്പുണ്ടെന്നും ബോധ്യപ്പെട്ടാല്‍ മാത്രമാണ് സുപ്രീം കോടതി ഹരജിയില്‍ നോട്ടീസ് അയക്കുക.
പിണറായി ഉള്‍പ്പെടെ മൂന്നുപേരെയും കുറ്റവിമുക്തരാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ പോയത്.
സി.ബി.ഐക്ക് പുറമെ മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്.
കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എംസുധീരന്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതിയില്‍ എത്തിയെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.