ലാവ്‌ലിന്‍ കേസില്‍ ബുധനാഴ്ച തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ നന്ദകുമാറിന് ഇ.ഡി സമന്‍സ്
Kerala News
ലാവ്‌ലിന്‍ കേസില്‍ ബുധനാഴ്ച തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ നന്ദകുമാറിന് ഇ.ഡി സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th March 2021, 10:45 pm

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റിന്റെ സമന്‍സ്. ബുധനാഴ്ച ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ രണ്ടു തവണ നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകള്‍ വാങ്ങിയിരുന്നു. ഇത് മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡി.ആര്‍.ഐക്ക് പരാതി നല്‍കിയത്.

ഈ പരാതിയാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

അതേസമയം എസ്.എന്‍.സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹരജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയുമായിരുന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Lavlin case; ED summons crime editor Nandakumar