| Wednesday, 15th March 2017, 10:24 am

ലാവ്‌ലിന്‍: പിണറായിക്കെതിരെ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ ; ലാവ്‌ലിന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തി; വിതരണ കരാര്‍ ഉണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ. ലാവ്‌ലിന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയെന്നും എസ്.എന്‍.സി ലാവ്‌ലിന്‍ കരാറിന് അമിത താത്പര്യം കാണിച്ചെന്നും സി.ബി.ഐ പറയുന്നു.

ലാവ്‌ലിനുമായി വിതരണ കരാര്‍ ഉണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇത് മറിച്ചുവെച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. മന്ത്രിസഭയില്‍ നിന്നും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുകയായിരുന്നെന്നും സി.ബി.ഐ പറയുന്നു


Dont Miss യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ; യു.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍ 


ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. പിണറായിക്കെതിരെ വിനോദ് റായ് അടക്കമുള്ള 10 സാക്ഷികള്‍ ഉണ്ടെന്നും സി.ബി.ഐ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ സ്വന്തം ആശയമാണെന്നും ഇതിന് വേണ്ടി നിയമപരമായി നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കുകയാണെന്നും സി.ബി.ഐ പറയുന്നു.

ഹൈക്കോടതിയുടെ ഒമ്പത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സി.ബി.ഐ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോടും പ്രതിഭാഗത്തോടും കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്. ഇരുഭാഗവും തങ്ങളുടെ ഉത്തരങ്ങള്‍ രേഖാമൂലം കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

 അന്വേഷണത്തിനിടെ പ്രതി ചേര്‍ത്തവര്‍ക്കെതിരെ തെളിവ് വേണമെന്നായിരുന്നു പ്രധാനമായും ഹൈക്കോടതി ആവശ്യപ്പെട്ടത്. യഥാര്‍ത്ഥ കരാറിന്റെ ഭാഗമായവര്‍ ആരൊക്കെയാണ്, കാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോ, കേസിലെ ഗൂഢാലോചനയുടെ സ്വഭാവം വ്യക്തമാക്കണം എന്നിങ്ങനെയായിരുന്നു ഹൈക്കോടതിയുടെ മറ്റ് ചോദ്യങ്ങള്‍.

നേരത്തേ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതേ വിട്ടത് നിയമവിരുദ്ധമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കാന്‍ വിചരണക്കോടതി തയ്യാറായിരുന്നില്ലെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. പിണറായി ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ത്തിരുന്നവരെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു വിചാരണക്കോടതി നടപടിക്കെതിരെ വാദങ്ങള്‍ ഉന്നയിച്ചത്.

സി.ബി.ഐ അന്വേഷണം നടത്തിയ ലാവ്‌ലിന്‍ കേസില്‍ 2013 നവംബറിലാണ് പിണറായി ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. കോടതി വിധിക്കെതിരെ മുന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും പുന:പരിശോധന ഹര്‍ജിയക്ക് സി.ബി.ഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വരുത്തിയെന്നാണ് കേസ്. തിരുവനന്തപുരം വിചാരണക്കോടതിയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപ്രതികളെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more