| Sunday, 16th April 2023, 12:46 pm

ആതിഖ് അഹമ്മദിന്റെ കൊലപാതകം; വെടിവെച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊന്ന പ്രതികളിലൊരാള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികളില്‍ ഒരാളായ ലവ്‌ലേഷ് തിവാരി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലവ്‌ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കോത്‌വാലി സ്വദേശിയായ ലവ്‌ലേഷിനെ കൂടാതെ ഹാമിര്‍ പുര്‍ നിവാസിയായ സണ്ണി സിങ്, ബഗേല പുക്തയിലെ താമസക്കാരനായ അരുണ്‍ മൗര്യ എന്നിവരാണ് ആതിഖിന് നേരെ വെടിയുതിര്‍ത്തത്. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

പ്രശസ്തരാകാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സംഭവസ്ഥലത്തെത്തിയ മൂവരും കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ചാണ് ആതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ച് കൊന്നത്. തുടര്‍ന്ന് ജയ് ശ്രീ റാം വിളിക്കുകയും ചെയ്തിരുന്നു.

സില ഷായിലെ ബജ്‌റംഗ്ദള്‍ പ്രമുഖാണെന്നാണ് ലവ്‌ലേഷ് തിവാരി ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു രണ്ട് പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

പിടിയിലായ സണ്ണി സിങ്ങിന്റെ പേരില്‍ 17ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ ഇയാള്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് യു.പി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടാ തലവനുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും അക്രമികള്‍ വെടിവെച്ച് കൊന്നത്. അതിന് രണ്ട് ദിവസം മുമ്പ് ആതിഖ് അഹമ്മദിന്റെ മകനെ ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ യു.പി പൊലീസ് കൊലപ്പെടുത്തിയിരുന്നു.

കൊലപാതകങ്ങള്‍ക്ക് പിന്നാലെ യു.പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കൂടി പൊലീസിനെ പ്രയാഗ് രാജില്‍ കൊണ്ട് വരാനാണ് സര്‍ക്കാരിന്റെ നീക്കം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ധിച്ച് വരുന്ന കൊലപാതകങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

Content Highlight: lavlesh thivari is a bajrang dal membar says hindustan times

We use cookies to give you the best possible experience. Learn more