[] ന്യൂദല്‍ഹി: സ്മാര്‍ട് ഫോണ്‍ രംഗത്തെ മത്സരങ്ങളോട് കിടപിടിക്കാന്‍ ഫാബ്‌ലറ്റുമായി ഇന്ത്യന്‍ കംപനി ലാവ. ലാവ പുറത്തിറക്കുന്ന പ്രഥമ ആറ് ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണവുമായി മാഗ്‌നം ഫാബ്‌ലറ്റ് എക്‌സ് 604 വന്‍നഗരങ്ങളിലെ ലാവ ഷോറൂമുകളിലും ഓണ്‍ലൈന്‍ വില്പനസൈറ്റായ സ്‌നാപ്ഡീലിലും താരമായിക്കഴിഞ്ഞു.
1280-720 പിക്‌സല്‍ റിസൊല്യൂഷനുള്ള ആറ് ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് മാഗ്‌നം എക്‌സ്604 ലുള്ളത്. എട്ട് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയോടൊപ്പം 2 മെഗാപിക്‌സലുളള ഫ്രണ്ട് ക്യാമറയും മാഗ്‌നത്തിന്റെ സവിശേഷതയാണ്. എട്ട് ജിബിയാണ് ഇന്റേണല്‍ മെമ്മറി. എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് സ്‌പേസ് വര്‍ധിപ്പിക്കാനും സാധിക്കും.
മാഗ്‌നം എക്‌സില്‍ ഉപയോഗിച്ചിരിക്കുന്ന 2800 എം.എ.എച്ച് ബാറ്ററി എട്ടു മണിക്കൂര്‍ സംസാര സമയവും 200 മണിക്കൂര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനസമയവും തരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് വെര്‍ഷനിലോടുന്ന ഫോണില്‍ 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഡ്യുവല്‍ സിം, ത്രീജി, വൈ ഫൈ, ബ്ലൂ ടൂത്ത്, ജി പിആര്‍ എസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. 11,999 രൂപയുണ്ടെങ്കില്‍ മാഗ്നം 604 സ്വന്തമാക്കാം.