റൊണാള്‍ഡോ ഇല്ലായിരുന്നെങ്കില്‍ 15 ബാലണ്‍ ഡി ഓര്‍ മെസിയുടെ ഷെല്‍ഫില്‍ ഇരുന്നേനേ ; അര്‍ജന്റൈന്‍ താരം
കഴിഞ്ഞ ദിവസം പാരീസില്‍ വെച്ച് ലയണല്‍ മെസി തന്റെ എട്ടാം എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആക്രമണകാരിയായ എര്‍ലിംഗ് ഹാലണ്ടിനെയും പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെയെയും പിന്തള്ളികൊണ്ടായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ സ്വന്തം പേരിലാക്കിയത്.
മെസിയുടെ ഈ നേട്ടത്തെകുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ താരമായ ലൗതാരോ മാര്‍ട്ടിനെസ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലായിരുന്നെങ്കില്‍ മെസി 15 തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയിരുന്നേനെ എന്നാണ് മാര്‍ട്ടിനെസ് പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി മെസിക്ക് ഈ യുഗം പങ്കിടേണ്ടി വന്നു. ഇല്ലെങ്കില്‍ 15 തവണ മെസി ബാലണ്‍ ഡി ഓര്‍ നേടുമായിരുന്നു,’ മാര്‍ട്ടിനെസ് ഇ.എസ്.പി എന്നിനോട് പറഞ്ഞു.
മെസി 2009ലാണ് തന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ നേടുന്നത്. അതിന് ശേഷം 2010, 2011, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വട്ടം താരം അവാര്‍ഡുകള്‍ നേടി. 2015, 2019, 2021വര്‍ഷങ്ങളില്‍ ആയിരുന്നു വീണ്ടും ഈ ബഹുമതിയിലെത്തിയത്.
അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2008ലാണ് ആദ്യ ബാലണ്‍ ഡി ഓര്‍ നേട്ടം സ്വന്തമാക്കുന്നത്. തുടര്‍ന്ന് 2013, 2014, 2016, 2017 എന്നീ വര്‍ഷങ്ങളിലും അവാര്‍ഡ് നേട്ടത്തിലെത്തി. ഈ വര്‍ഷം ആദ്യ 30ല്‍ റൊണാള്‍ഡോക്ക് ഇടം നേടാനായില്ല.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.
കഴിഞ്ഞ സീസണില്‍ പാരീസിയന്‍സിനൊപ്പം ഫ്രഞ്ച് ലീഗ് കിരീടനേട്ടത്തിലും മെസി പങ്കാളിയായി. പി.എസ്.ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഈ മികച്ച പ്രകടനങ്ങളാണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Content Highlight: Lautaro Martinez talks Lionel Messi winning Ballon d’or award 2023.