ലോകത്തെ ഏറ്റവും വാശിയേറിയതും ഏറ്റവും കൂടുതൽ പേർ കാണുന്നതിലൊന്നായ ഫുട്ബോൾ മത്സരമാണ് മിലാൻ ഡെർബി.
ഇറ്റലിയിലെ മിലാൻ നഗരത്തിൽ ആരംഭിച്ച് ഒരു ഘട്ടത്തിൽ രണ്ടായി പിളർന്ന ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബ്ബുകൾ തമ്മിലുള്ള മത്സരമാണ് മിലാൻ ഡെർബി.
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായ മിലാൻ ഡെർബിയിൽ പലപ്പോഴും ഇരു വിഭാഗം മിലാൻ ആരാധകർ തമ്മിലുള്ള കയ്യാങ്കളിയും അക്രമങ്ങളും ഉണ്ടാവാറുണ്ട്.
തിങ്കളാഴ്ച പുലർച്ചെ നടന്ന മിലാൻ ഡെർബിയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ചിര വൈരികളായ എ.സി.മിലാനെ ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ലീഗ് ടൈറ്റിൽ സ്വന്തമാക്കിയ ശേഷം സീരി.എയിൽ ദയനീയ പ്രകടനമാണ് നിലവിലെ ചാമ്പ്യൻമാരായ എ.സി മിലാൻ കാഴ്ച വെക്കുന്നത്.
എന്നാൽ ചാമ്പ്യൻസ് ലീഗിൽ ദയനീയ പ്രകടനം കാഴ്ച വെച്ച് പുറത്തായ ഇന്റർ ലീഗിൽ മികച്ച പ്രകടനം നടത്തി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുണ്ട്.
അർജന്റൈൻ മുന്നേറ്റ നിര താരമായ ലൗത്താരോ മാർട്ടീനെസ് മത്സരം 34 മിനിട്ട് പിന്നിട്ടപ്പോൾ നേടിയ ഗോളിനാണ് മത്സരം ഇന്റർ വിജയിച്ചത്. കളിയുടെ എല്ലാ ഘട്ടത്തിലും എ.സി മിലാനുമേൽ സമ്പൂർണ ആധിപത്യം ചെലുത്തിയാണ് ഇന്റർ കളിച്ചത്.
അതേസമയം ലോകകപ്പിൽ അർജന്റീനക്കായി ദയനീയ പ്രകടനം കാഴ്ച വെച്ച ലൗത്താരോ പക്ഷെ ക്ലബ്ബിനായി നിലവിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ലോകകപ്പിൽ പല ഈസി ചാൻസുകളും നഷ്ടപ്പെടുത്തി വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് ലൗത്താരോ മാർട്ടീനെസ്.
ലീഗിൽ തുടർ വിജയങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്റർ മിലാന് ലീഗ് ടൈറ്റിൽ നേടാൻ സാധിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കാരണം ലീഗിലെ ഒന്നാം സ്ഥാനക്കാരായ നപ്പോളി 21 മത്സരങ്ങളിൽ ഒരു തോൽവി മാത്രം വഴങ്ങി 56 പോയിന്റുകളോടെ നിലവിൽ ഇന്റർ മിലാനെക്കാൾ 13 പോയിന്റ് മുന്നിലാണ്.