ഫൗള്‍ ചെയ്ത് വീഴ്ത്തി നടുവില്‍ ചവിട്ടി; വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 08, 09:17 am
Tuesday, 8th August 2023, 2:47 pm

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് നൈജീരിയ മടങ്ങി. വനിതാ ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലാണ് നൈജീരിയ കീഴടങ്ങിയത്. 4-2ന്റെ ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ ഇംഗ്ലണ്ട് പ്ലേ മേക്കര്‍ ലോറന്‍ ജെയിംസിന് ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു. നൈജീരിയന്‍ താരം മിഷേല്‍ അലോസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തുകയും തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച താരത്തിന്റെ നടുവില്‍ ബോധപൂര്‍വം ചവിട്ടിയതിനാണ് ലോറന്‍ ജെയിംസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്.

ആദ്യം ലോറന് റഫറി മഞ്ഞക്കാര്‍ഡാണ് നല്‍കിയതെങ്കിലും പിന്നീട് വാര്‍ പരിശോധനക്ക് ശേഷം ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. അധികസമയത്ത് ഇംഗ്ലണ്ട് പത്തുപേരുമായാണ് കളിച്ചത്. ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോറന് ഇംഗ്ലണ്ടിനായി ഗ്രൗണ്ടിലിറങ്ങാനാവില്ല.

ചൈനക്കെതിരെ ഇംഗ്ലണ്ട് 6-1ന് ജയിച്ച മത്സരത്തില്‍ രണ്ട് ഗോളുകളുമായി ലോറന്‍ തിളങ്ങിയിരുന്നു. 87ാം മിനിട്ടില്‍ ലോറന്‍ ജെയിംസ് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈം മുഴുവന്‍ ഇംഗ്ലണ്ട് 10 പേരുമായാണ് പിടിച്ചു നിന്നത്. മത്സരത്തില്‍ 20 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച നൈജീരയക്കായിരുന്നു മുന്‍തൂക്കമെങ്കിലും അതിലൊന്ന് പോലും ഗോളായി മാറാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് ടീമുകളും ആദ്യ കിക്കുകള്‍ നഷ്ടപ്പെടുത്തി. എന്നാല്‍ രണ്ടാം പെനാല്‍ട്ടി കിക്ക് മുതലുള്ള എല്ലാ കിക്കും ഇംഗ്ലണ്ട് ഗോളാക്കിയപ്പോള്‍ നൈജീരിയക്ക് രണ്ടെണ്ണമെ ലക്ഷ്യത്തിലെത്തിക്കാനായുളളൂ.

ഈ ജയത്തോടെ വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം തവണയും ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഇംഗ്ലണ്ട് പേരെടുത്തു. കൊളംബിയ-ജമൈക്ക പ്രീ ക്വാര്‍ട്ടര്‍ മത്സര വിജയികളാകും ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Content Highlights: Lauren James Misses next match for England in Women’s world cup