ഫ്രഞ്ച് ലീഗിനെക്കാള്‍ മികച്ചത് സൗദി ലീഗാണെന്ന് അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗ്ലോബല്‍ സോക്കര്‍ 2026 പുരസ്‌കാരദാന ചടങ്ങില്‍ ആയിരുന്നു റൊണാള്‍ഡോ തന്റെ അഭിപ്രായം പറഞ്ഞത്.
ഇപ്പോഴിതാ റൊണാള്‍ഡോയുടെ ഈ വാദത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാരീസ് സെയ്ന്റ് ജേര്‍മെന്‍ ഡിഫന്‍ഡര്‍ ലോറെ ബൊല്ലെയോ.
റൊണാള്‍ഡോ എന്തുകൊണ്ടാണ് ഫ്രഞ്ച് ലീഗിനെ മാത്രം വിമര്‍ശിച്ചത് എന്നും മറ്റ് ലീഗുകളെ പരാമര്‍ശിക്കാത്തതെന്തുകൊണ്ടെന്നുമാണ് മുന്‍ പാരീസ് താരം പറഞ്ഞത്. കനാല്‍+ ഫുട്‌ബോള്‍ ക്ലബ്ബിലൂടെയാണ് ബൊല്ലെയോ പ്രതികരിച്ചത്.
‘റൊണാള്‍ഡോയുടെ പ്രസ്താവനയില്‍ ഞാന്‍ വളരെയധികം ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് റൊണാള്‍ഡോ ഫ്രഞ്ച് ലീഗിനെ മാത്രം പരാമര്‍ശിച്ചത്. കാരണം മെസി അവിടെ കളിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവന്‍ മറ്റു ലീഗുകളെ പരാമര്‍ശിക്കാത്തതെന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു. അദ്ദേഹത്തിന് അത്രയേ നിലവാരമുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ഫ്രഞ്ച് ലീഗ് ഒഴികെ മറ്റുള്ള ലീഗുകളില്‍ എല്ലാം റൊണാള്‍ഡോ കളിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ അവന് ലീഗ് വണ്ണിനെ കുറിച്ച് അറിയില്ല,’ ലോറെ ബൊല്ലെയോ പറഞ്ഞു.
അതേസമയം 2023ലായിരുന്നു റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലെത്തുന്നത്. റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ യൂറോപ്പ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. റൊണാള്‍ഡോയുടെ വരവോടുകൂടി സൗദി പ്രോ ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു.
റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ ഒരുപിടി പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സിമ, സാദിയോ മാനെ, റിയാദ് മെഹറസ് തുടങ്ങിയ മികച്ച താരങ്ങള്‍ സൗദിയിലേക്ക് കൂടു മാറിയിരുന്നു.
ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം അല്‍ നസറിനായി നേടിയിട്ടുള്ളത്.
Content Highlight: Laure Boulleau talks against Cristaino Ronaldo statement.