സൗത്ത് ആഫ്രിക്ക വിമണ്‍സും ഇന്ത്യ വിമണ്‍സും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. പ്രോട്ടിയാസിന് 17.1 ഓവറില്‍ 84 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 10.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 88 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ 1-1 എന്ന നിലയിലാണ് ഇരുവരും.
ഇരുവരും തമ്മിലുള്ള ഏകദിന പരമ്പരയില്‍ മൂന്ന് മത്സരവും ഇന്ത്യ വിജയിച്ചപ്പോള്‍ ഏക ടെസ്റ്റ് മത്സരത്തിലും ഇന്ത്യ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. മത്സരശേഷം തോല്‍വിയെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലാറ വോള്‍വാര്‍ട്ട്.
‘ഈ തോല്‍വി ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നു, ഇങ്ങനെയല്ലായിരുന്നു പരമ്പര അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. വലിയ ബാറ്റിങ് തകര്‍ച്ച ഞങ്ങള്‍ക്കുണ്ടായി. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരുപാട് പോസിറ്റീവ് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഞങ്ങള്‍ വലിയ തകര്‍ച്ച നേരിട്ടു. ഞങ്ങള്‍ തോല്‍വിയെ വിലയിരുത്തും,’ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്.
മത്സരത്തില്‍ ക്യാപ്റ്റന്‍ ലാറയെ ഒമ്പത് റണ്‍സിന് പുറത്താക്കിയത് പേസര്‍ ശ്രേയങ്ക പാട്ടീലായിരുന്നു.
ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സ്മൃതി മന്ദാനയാണ്. 40 പന്തില്‍ 8 ഫോറും 2 സിക്സും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്. 135 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഷിഫാലി വര്‍മ 25 പന്തില്‍ മൂന്ന് ഫോര്‍ നേടി 27 റണ്‍സും നേടി.
ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് പ്രോട്ടിയാസിനെ തകര്‍ക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ പേസര്‍ പൂജ വസ്ത്രാക്കറിന്റെ മിന്നും പ്രകടനമായിരുന്നു നിര്‍ണായകമായത്. 3.1 ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.
പൂജയ്ക്ക് പുറകെ രാധാ മാധവും മൂന്ന് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
അരുന്തതി റെഡ്ഡി, ശ്രെയങ്ക പാട്ടീല്‍ ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെ ഏഴ് സൗത്ത് ആഫ്രിക്കന്‍ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.
Content Highlight: Laura Wolvaardt Talking About Lost Against India