ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് സുരാജ് വെഞ്ഞാറമൂട്. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിങ് തമാശകളെ കുറിച്ചുള്ള നടന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ബോഡി ഷെയ്മിങ് നടത്തിയുള്ള തമാശകള്‍ കുറച്ചുമുമ്പുവരെ വ്യാപകമായിരുന്നുവെന്നും പഴയകാല സിനിമകളിലും സ്റ്റേജ് ഷോകളിലും അത്തരം ക്രൂരതകള്‍ ഉണ്ടിയിരുന്നതായും സുരാജ് പറയുന്നു. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ ഇത് വളരെയധികം പ്രശ്‌നവും അത്തരം തമാശകള്‍ ഉണ്ടാവാന്‍ പാടില്ലാത്തതുമാണെന്ന് സുരാജ് പറഞ്ഞു.
‘ബോഡി ഷെയ്മിങ്ങ് കുറച്ചുമുമ്പുവരെ വ്യാപകമായി അവതരിപ്പിച്ചിരുന്നതാണ്. പഴയകാല സിനിമകളും സ്റ്റേജ് ഷോകളുമൊക്കെ എടുത്തുനോക്കിയാല്‍ ഒരാളുടെ നിറത്തെയും രൂപത്തെയും ലൈംഗികതയെയുമെല്ലാം കളിയാക്കുന്ന തരത്തിലുള്ള തമാശകള്‍ കാണാന്‍ കഴിയും. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ ഇത് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നതാണ്.
അത്തരം തമാശകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. അടുത്ത കാലത്തൊന്നും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ അത്തരത്തിലുള്ള ബോഡി ഷെയ്മിങ് തമാശകള്‍ ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ല. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ചിരിയുണ്ടാക്കേണ്ടതില്ലല്ലോ’ സുരാജ് വെഞ്ഞൊറമൂട് പറഞ്ഞു.
ശക്തമായ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് കുറച്ച് കാലമായി തന്നെ തേടിയെത്തുന്നതെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. ഹ്യൂമര്‍ കഥാപാത്രങ്ങളാണ് തനിക്ക് ഇഷ്ടമെങ്കിലും കുറച്ചു കാലം അത്തരം കഥാപാത്രങ്ങളൊന്നും തന്നെ തേടിയെത്തിയില്ലെന്നും എത്തിയ കഥകള്‍ തന്നെ തൃപ്തിപ്പെടുത്തിയില്ലെന്നും സുരാജ് പറയുന്നു. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള വ്യത്യസ്തത ഓരോ സിനിമകളിലും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
CONTENT HIGHLIGHTS; Laughter should not be made by making fun of one’s physical condition: Suraj Venjaramood