Advertisement
Kerala News
ചിരി ആരോഗ്യത്തിന് നല്ലത്, ചിരിക്കാന്‍ തുടങ്ങിയത് പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷം: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 04:44 am
Sunday, 9th February 2025, 10:14 am

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷമാണ് താന്‍ ഇത്രയധികം ചിരിക്കാന്‍ തുടങ്ങിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.ഐ.എം കാസര്‍കോഡ് ജില്ല സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചിരി കുറഞ്ഞതായുള്ള വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷമാണ് താന്‍ ഇതുപോലെ ചിരിക്കാന്‍ തുടങ്ങിയതെന്നും അതിന് മുമ്പ് ഒരു മസില്‍ പിടിക്കുന്ന പ്രകൃതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിരി ആരോഗ്യത്തിന് നല്ലതാണെന്നും എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താനിപ്പോള്‍ കാര്യങ്ങളെ മനശാസ്ത്രപരമായ രീതിയിലാണ് കാണുന്നതെന്നും അതിന്റെ ഭാഗമായി കാര്യങ്ങളൈ പോസീറ്റിവായി സമീപിക്കാനാണ് താനിപ്പോള്‍ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പോസിറ്റീവായി കാണുന്നതിന്റെ ഭാഗമാണ് ചിരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഗറ്റീവായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നതെന്നും അതിനെയെല്ലാം അതിജീവിക്കണമെങ്കില്‍ എല്ലാം പോസിറ്റീവായി കാണുന്ന ഒരു സമീപനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിനെതിരെ സി.പി.ഐ.എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 19 മുതല്‍ 23 വരെ ഏരിയ തലങ്ങളില്‍ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കുമെന്നും 25 ജില്ല ആസ്ഥാനങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ബജറ്റിന് ശേഷം കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരില്‍ നിന്നുണ്ടായ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് ഭരണഘടനപരമായ അവകാശമാണെന്ന് ഈ രണ്ട് മന്ത്രിമാരും മനസിലാക്കണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: started laughing after becoming party secretary: M.V. Govindan