ചൈനയുടെ കയ്യിലെ പാവയാണ് ഒലി, രാമന്‍ നേപ്പാളിയെന്ന പ്രസ്താവനയൊക്കെ സ്വന്തം കസേര ഉറപ്പിക്കാന്‍; പരിഹസിച്ച് ശിവസേന
India
ചൈനയുടെ കയ്യിലെ പാവയാണ് ഒലി, രാമന്‍ നേപ്പാളിയെന്ന പ്രസ്താവനയൊക്കെ സ്വന്തം കസേര ഉറപ്പിക്കാന്‍; പരിഹസിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 3:04 pm

ന്യൂദല്‍ഹി: യഥാര്‍ത്ഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും രാമന്‍ നേപ്പാളിയാണെന്നുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ പ്രസ്താവയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന.

ഒലിയുടെ പ്രസ്താവന ചിരിയ്ക്കാന്‍ വക നല്‍കുന്നതാണെന്നായിരുന്നു സാമ്‌ന എഡിറ്റോറിയയില്‍ പറഞ്ഞത്. ചൈനയുടെ കയ്യിലെ കളിപ്പാവയാണ് ഒലിയെന്നും സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു.

‘ ചൈനയുടെ കയ്യിലെ പാവ മാത്രമാണ് നേപ്പാള്‍ പ്രധാനമന്ത്രി. ചൈനയുടെ നിര്‍ദേശപ്രകാരം നിരന്തരം ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യന്‍ ഭൂപ്രദേശം കൂടി അവരുടേതാക്കിക്കൊണ്ട് രാജ്യത്തിന്റെ മാപ്പ് ഭേദഗതി ചെയ്താണ് ആദ്യം അവര്‍ ഇന്ത്യാ വിരുദ്ധ നീക്കത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഇന്ത്യ-നേപ്പാള്‍ തര്‍ക്കത്തിലേക്ക് രാമനെ കൂടി അവര്‍ വലിച്ചിട്ടിരിക്കുന്നു.

ഇന്ത്യയിലുള്ള അയോധ്യ യഥാര്‍ത്ഥ അയോധ്യയല്ലെന്നും നേപ്പാളിലാണ് യഥാര്‍ത്ഥ അയോധ്യയെന്നും അദ്ദേഹം പറയുന്നു. ഭഗവാന്‍ ശ്രീരാമന്‍ നേപ്പാളിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒലിയുടെ ഇത്തരം പ്രസ്താവനകളൊക്കെ ചിരിയ്ക്ക് വക നല്‍കുന്നതാണ്.’, സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു.

പുരാണത്തില്‍ അയോധ്യയ്ക്ക് സമീപമുള്ള സരയു നദിയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നേപ്പാളില്‍ അത്തരമൊരു നദിയുള്ളതായി അറിയില്ല. രാമജന്മഭൂമിയ്ക്കായി 70 -75 വര്‍ഷത്തോളം പോരാട്ടം നടന്നപ്പോള്‍ എന്തുകൊണ്ടാണ് അന്നൊന്നും ഇത്തരമൊരു വാദം ഉന്നയിച്ച് നേപ്പാള്‍ രംഗത്തെത്താതിരുന്നതെന്നും എഡിറ്റോറിയലില്‍ ചോദിച്ചു.

ഒലിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട്, അയോധ്യ നേപ്പാളില്‍ തന്നെയായിരുന്നെന്നും എന്നാല്‍ പള്ളി പൊളിക്കാനെത്തിയ ബാബറിനെ അവിടെ നിന്നും തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നെന്ന് വരെ എഡിറ്റോറിയലില്‍ കുറിച്ചിട്ടുണ്ട്.

‘അയോധ്യ നേപ്പാളിലായിരുന്നു, എന്നാല്‍ ഒലിയുടെ പൂര്‍വ്വികര്‍ ബാബറിനെ പറ്റിച്ച് അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. ഒലി യഥാര്‍ത്ഥത്തില്‍ ബാബറിനെ വിഡ്ഡിയാക്കി. ഇത് ഒരു തരത്തില്‍ ഇസ്ലാമിനെ അപമാനിക്കുകയായിരുന്നില്ലേ, ഒലിയുടെ പിന്മുറക്കാരായ പാക്കിസ്ഥാന്‍ അദ്ദേഹത്തെ ഇസ്ലാമിക നിയമപ്രകാരംശിക്ഷിക്കുമോ?’ എന്നായിരുന്നു എഡിറ്റോറിയലില്‍ ചോദിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും മതപരവുമായ ബന്ധങ്ങള്‍ ഒലി മറന്നുവെന്നും തന്റെ കസേര ഭീഷണിയിലായതിനാല്‍ ഇന്ത്യയ്ക്കെതിരെ അദ്ദേഹം സംസാരിക്കുകയാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

ഒലിയുടെ കസേര സംരക്ഷിക്കാന്‍ ചൈനീസ് അംബാസഡര്‍മാര്‍ പോരാട്ടത്തിലാണ്. ഒലി ചൈനയുടെ അടിമയായി മാറി, തന്റെ രാജ്യങ്ങളുടെ സംസ്‌കാരം ചൈനീസാക്കി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ