ചിരിക്കണോ, കരയണോ? ; മോദിക്കെതിരായ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ കൊമേഡിയന്‍ ശ്യാം രംഗീല
India
ചിരിക്കണോ, കരയണോ? ; മോദിക്കെതിരായ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ കൊമേഡിയന്‍ ശ്യാം രംഗീല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 11:39 am

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാസ്യതാരം ശ്യാം രംഗീല സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. വാരാണസി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സമര്‍പ്പിച്ച നമനിര്‍ദ്ദേശപത്രികയാണ് ബുധനാഴ്ച തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലമാണ് വാരാണസി.

ഇതുകൂടാതെ 55 പേരുടെ കൂടി നാമ നിര്‍ദ്ദേശപത്രിക തള്ളിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി മോദിയുടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുമുള്‍പ്പെടെ 15 പേരുടെയും നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്.

കൃത്യസമയത്ത് പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും നോമിനേഷന്‍ പ്രക്രിയയില്‍ നിരവധി തടസ്സങ്ങള്‍ നേരിട്ടെന്നും രംഗീല പറഞ്ഞു. ‘ജില്ലാ മജിസ്ട്രേറ്റ് എന്നോട് പറഞ്ഞത് എന്റെ രേഖകളില്‍ പ്രശ്‌നമുണ്ടെന്നാണ്. അവര്‍ എന്റെ അഭിഭാഷകരെ എന്റെ കൂടെ അകത്തേക്ക് കടത്തിവിട്ടില്ല, എന്നെ ഒറ്റയ്ക്ക് വിളിച്ചു. എന്റെ സുഹൃത്തിനെ മര്‍ദ്ദിച്ചു,’ രംഗീല പറഞ്ഞു.

നിരവധി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്, ഇന്ന് മാത്രം 32 എണ്ണം നിരസിക്കപ്പെട്ടു, ഞാന്‍ കരയണോ ചിരിക്കണോ എന്നറിയാതെ നില്‍ക്കുകയാണെന്നും രംഗീല കൂട്ടിച്ചേര്‍ത്തു.

അതേസമയം രംഗീലയുടെ സത്യവാങ്മൂലത്തിലെ പോരായ്മകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ പരാജയവും ചൂണ്ടിക്കാട്ടി വാരണാസി ജില്ലാ മജിസ്ട്രേറ്റ് എസ്. രാജലിംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ വിശദീകരണം നല്‍കി.

‘നിങ്ങളുടെ സാന്നിധ്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മമായി പരിശോധിക്കുകയും പോരായ്മകളെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണ്ണമായതിനാലാണ് നാമനിര്‍ദ്ദേശ പത്രിക റദ്ദാക്കിയത്,’ രാജലിംഗം എക്‌സില്‍ പങ്കുവെച്ചു.

Content Highlight: “Laugh Or Cry?” Comedian after nomination rejected from PM Modi’s seat