| Wednesday, 11th August 2021, 4:51 pm

നാലാമത്തെ കുട്ടിയ്ക്ക് ബിഷപ്പുമാര്‍ മാമോദീസ നടത്തും; കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ സഭയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും. അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ മാമോദീസ ചടങ്ങ് നടത്തും.

കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ഡോ. എം. സൂസപാക്യമോ സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസോ പ്രാരംഭ കൂദാശ നല്‍കുമെന്നും സഭ അറിയിച്ചു.

ഇതിന്റെ തുടക്കമെന്നോണം ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയില്‍ ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് മാമോദീസ നല്‍കും.

നേരത്തെ 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു.

കുടുംബത്തില്‍ നാലാമതായും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതടക്കമായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമാണ് പാലാ രൂപത പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Latin Sabha Announce Welfare 4 More child Family

We use cookies to give you the best possible experience. Learn more