കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ സഭ. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയത് ഖേദകരമെന്ന് ലത്തീന്‍ സഭ പറഞ്ഞു.
ഇതിലൂടെ നഷ്ടമായത് ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്കുള്ള ആനുകൂല്യമാണെന്നും സഭ പറഞ്ഞു. ആനുകൂല്യങ്ങള്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ ആകണമെന്ന ശുപാര്‍ശ സ്വാഗതം ചെയ്യുന്നുവെന്നും സഭാ നേതൃത്വം അറിയിച്ചു.
വിധിയില്‍ പ്രതികരിച്ച് കെ.സി.ബി.സിയും രംഗത്തെത്തിയിരുന്നു. ഭരണഘടന അനുസരിച്ച് ഓരോ വിഭാഗത്തിനും അര്‍ഹിക്കുന്ന പരിഗണന കൊടുത്ത് സംസ്ഥാന മുഖ്യമന്ത്രി പദ്ധതികള്‍ വിഭാവനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളില്‍ പറഞ്ഞിരുന്നു.
വ്യക്തമായ പഠനം നടത്താതെയാണ് ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതി വിധിയില്‍ നിന്ന് വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണമെന്നും കെ.സി.ബി.സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.
നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.