എറണാകുളത്ത് 17 കി.മീ നീളത്തില്‍ ലത്തീന്‍ സഭയുടെ മനുഷ്യച്ചങ്ങല
Kerala News
എറണാകുളത്ത് 17 കി.മീ നീളത്തില്‍ ലത്തീന്‍ സഭയുടെ മനുഷ്യച്ചങ്ങല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2022, 6:32 pm

കൊച്ചി: ലത്തീന്‍ സഭ ആലപ്പുഴ- കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 17 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.

വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവെക്കണം, ഫോര്‍ട്ട് കൊച്ചി വരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ ചങ്ങല നടത്തിയത്.

ചെല്ലാനം- തോപ്പുംപടി മേഖലയിലായാണ് 17,000ത്തോളം പേര്‍ ചേര്‍ന്ന് മനുഷ്യചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.

അതിനിടെ, വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) രംഗത്തെത്തി.

കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ ഈ മാസം 14 മുതല്‍ 18വരെ മൂലമ്പള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തു.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ ഉപരോധ സമരം ഇന്ന് 26ാം ദിനത്തിലേക്ക് കടന്നു. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്‌സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. മൂന്ന് വൈദികരും മൂന്ന് അല്‍മായരുമാണ് ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്.

സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേര്‍ന്നിരുന്നു. മൂലമ്പള്ളിയും, ചെല്ലാനവും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

പദ്ധതി പ്രദേശത്തേക്ക് കടക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സമരസ്ഥലത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

Content Highlight: Latin Archdiocese Organized Human Chain in Ernakulam