സ്വാതന്ത്ര്യദിനത്തില്‍ കരിദിനമാചരിക്കുമെന്ന് ലത്തീന്‍ അതിരൂപത
Kerala News
സ്വാതന്ത്ര്യദിനത്തില്‍ കരിദിനമാചരിക്കുമെന്ന് ലത്തീന്‍ അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th August 2022, 11:50 pm

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്തെ തീരദേശ ജനത കരിദിനമാചരിക്കുമെന്ന് ലത്തീന്‍ അതിരൂപത. അന്നേ ദിവസം കടല്‍തീരത്ത് കറുത്ത കൊടിയുയര്‍ത്താനും കരിങ്കൊടി റാലി നടത്താനും ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കി.

പാര്‍പ്പിടം നഷ്ടമാകുന്നത് ഉള്‍പ്പെടെ തീരദേശ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ടാണ് പ്രതിഷേധം. തീരദേശ ജനത വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പാര്‍പ്പിടം നഷ്ടമാകുന്നത് ഉള്‍പ്പെടെ തീരദേശ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അതിരൂപത സര്‍ക്കുലറില്‍ പറയുന്നു.

തീരദേശ ജനതയെ മുന്‍നിര്‍ത്തി പ്രതിഷേധം ശക്തമാക്കാനാണ് സഭയുടെ നീക്കം. ഇതിന്റ ഭാഗമായി പത്താം തീയതി വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശ ജനത ജൂലൈ 20 മുതല്‍ സമരരംഗത്താണ്. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് ചെറുവിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് ലത്തീന്‍ അതിരൂപയുടെ ആക്ഷേപം. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞ ആഴ്ച ലത്തീന്‍ അതിരൂപത പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പദ്ധതിയെ കുറിച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി വീണ്ടും പഠനം നടത്തണമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും അതിരൂപത ഇടയ ലേഖനത്തില്‍ ആവശ്യപ്പെട്ടു.

രൂപതകള്‍ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാന്‍ ആഹ്വാനം ചെയ്ത ഇടയ ലേഖനത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികള്‍ അറബിക്കടലില്‍ മുങ്ങിത്താഴുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Latin Archdiocese of Trivandrum’s circular about Independence day