ഇതൊക്കെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാര്‍ നീക്കം; വിഴിഞ്ഞത്തില്‍ ഇടഞ്ഞ് ലത്തീന്‍ സഭ
തിരുവനന്തപുരം: വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന് ലത്തീന്‍ അതിരൂപതയുടെ വികാര്‍ ജനറല്‍ ഫാ. യുജീന്‍ പെരേര. ഉദ്ഘാടന ചടങ്ങിലേക്ക് ലത്തീന്‍ അതിരൂപതയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും, ലത്തീന്‍ അതിരൂപത വികസനത്തിന് എതിരല്ലെന്നും പെരേര പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ വിവരാവകാശത്തിലൂടെ തുറമുഖത്തിന്റെ പണികള്‍ 60 ശതമാനം മാത്രമേ കഴിഞ്ഞിട്ടുള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. തുറമുഖത്തേക്കുള്ള ചരക്കുനീക്കം തുടങ്ങണമെങ്കില്‍ ഇനിയും 50 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്, യൂജിന്‍ പെരേര.
തുറമുഖത്തിലേക്ക് രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്രമാത്രം ആഘോഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കമ്മിഷന്‍ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ പണം ചിലവാക്കി ആഘോഷിക്കേണ്ടതെന്നും പെരേര പറഞ്ഞു.
കുഡാല കമ്മിറ്റി നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം തുറമുഖം വരുമ്പോള്‍ ഉണ്ടാവുന്ന ആഘാതങ്ങളെ കുറിച്ച് പഠനം നടത്തി അത് പൊതു ജനങ്ങളെ ബോധിപ്പിക്കേണ്ടതാണെന്നും പെരേര ആവശ്യപെട്ടു.
‘തീരശോഷണ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ പറഞ്ഞ സമയം കഴിഞ്ഞു. ഇതുവരെ ഒറ്റ ഹിയറിങ് മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ചിപ്പി തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. 300 ഓളം വീട്ടുകാരെ അധിവസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല’, പെരേര ഉന്നയിച്ചു.
മുതലപൊഴിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അദാനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുപ്രകാരം മുതലപൊഴിയില്‍ അടിയുന്ന മണലും തകര്‍ന്ന് വീഴുന്ന പാറകളും എടുത്ത് മറ്റേണ്ടതുണ്ട്. ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും അത് നടന്നിട്ടില്ല. സാവകാശം അവ പൂര്‍ത്തികരിച്ചു മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കണമെന്നും പെരേര മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെയും തലസ്ഥാന നഗരിയുടെയും പ്രാദേശിക ഗ്രാമങ്ങളുടെയും വികസനത്തിനു വിഴിഞ്ഞം തുറമുഖം വാതില്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഭൂഗര്‍ഭ റെയില്‍വേ, 10000 ത്തില്‍ അധികം ആളുകള്‍ക്ക് തൊഴില്‍, റിങ് റോഡുകള്‍ എന്നിങ്ങനെ സാധ്യമാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ മാമാങ്കം നിര്‍ത്തണമെന്ന് പെരേര ആവശ്യപെട്ടു. വിവാദത്തെ തുടര്‍ന്ന് വിഴിഞ്ഞം ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടവക പ്രതിനിധികളെയും ആര്‍ച്ച് ബിഷപ്പിനെ ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ അനുനയത്തിന് ഒരുങ്ങുന്നത്.
Content Highlight : Latin Archdiocese father Yujin Perera speaks about Vizhinjam seaport