| Monday, 13th November 2023, 12:37 pm

ഫലസ്തീനിലേക്ക് വീശുന്ന ലാറ്റിൻ അമേരിക്കൻ കാറ്റും എതിർ ദിശയിലെ അറബ് രാഷ്ട്രങ്ങളും

ഷഹാന എം.ടി.

ഫലസ്തീൻ വിഷയത്തിൽ ലോകം പല ചേരികളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രഈലിനെ ശക്തമായി പിന്തുണക്കുന്നത് മുതൽ പേരിന് ഫലസ്തീന് വേണ്ടി സംസാരിക്കുന്നവരും ഇസ്രഈലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നവർ വരെയും ആ കൂട്ടത്തിലുണ്ട്. പേരിന് വേണ്ടി മാത്രം ഫലസ്തീനിലെ ഇസ്രഈലി ആക്രമണത്തെ അറബ് രാജ്യങ്ങൾ അപലപിക്കുമ്പോൾ ഇസ്രഈലിനെതിരെയുള്ള ഇടതുപക്ഷ പാർട്ടികൾ ഭരിക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ കടുത്ത നിലപാടുകൾ ശ്ലാഘനീയമാണ്.

ഫലസ്തീനിലെ ഇസ്രഈലി വംശഹത്യ 35 ദിവസങ്ങൾ പിന്നിടുമ്പോഴാണ് സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ അറബ്, മുസ്‌ലിം രാജ്യങ്ങൾ ഗസയിലെ ഇസ്രഈലി ആക്രമണങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. അറബ് ലീഗിലെ 22 രാജ്യങ്ങൾക്ക് പുറമേ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷനിലെ രാജ്യങ്ങൾ കൂടി പങ്കെടുത്തിരുന്നു. 57 അറബ്, മുസ്‌ലിം രാജ്യങ്ങൾ സംബന്ധിച്ച ഉച്ചകോടിയെ അസാധാരണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

സൗദിയുമായുള്ള ബന്ധം പുനസ്ഥാപിച്ച ശേഷം ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹീം റഈസി ആദ്യമായാണ് സൗദിയിൽ എത്തിയത്. 11 വർഷത്തിന് ശേഷമാണ് ഒരു ഇറാൻ പ്രസിഡന്റ്‌ സൗദി സന്ദർശിക്കുന്നത്.

എന്നാൽ വളരെ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ ഉച്ചകോടിയിൽ ശക്തമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായില്ല എന്നതാണ് വസ്തുത. ഫലസ്തീനികളുടെ മരണസംഖ്യ 11,000 പിന്നിടുമ്പോൾ ഇസ്രഈലി ആക്രമണത്തെ അപലപിക്കുകയും ഇസ്രഈലിനെതിരെ ലോകരാഷ്ട്രങ്ങളും യു.എന്നും മുന്നോട്ട് വരണമെന്നുമുള്ള ആഹ്വാനങ്ങളാണ് ഉച്ചകോടിയിൽ നടന്നത്. യു.എന്നിന്റെ വെടിനിർത്തൽ ആഹ്വാനം കൊണ്ടുപോലും പിൻവാങ്ങാൻ ഇസ്രഈൽ തയ്യാറല്ല എന്നിരിക്കെ വൈകിയ വേളയിലെ അറബ് രാജ്യങ്ങളുടെ പ്രസ്താവന കൊണ്ട് എന്നാണ് പ്രയോജനം ഉണ്ടാകാൻ പോകുന്നത് എന്ന ചോദ്യം ബാക്കിയാകുന്നു.

ഇതേ സാഹചര്യത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ ഈ ലേഖനത്തിന്റെ രണ്ടാം ഘട്ടത്തിൽ ചർച്ച ചെയ്യാം.

ഇസ്രഈലിനെതിരെ കടുത്ത നടപടികൾ അറബ് രാഷ്ട്രങ്ങൾ സ്വീകരിക്കണമെന്ന ഇറാന്റെ ശബ്ദം മാത്രമാണ് വേറിട്ട്‌ നിന്നത്. ഇസ്രഈൽ സേനയെ തീവ്രവാദ സംഘടനയായി അറബ് രാജ്യങ്ങൾ പ്രഖ്യാപിക്കണമെന്നും ഊർജ വിപണന മേഖലയിൽ ഇസ്രഈലിനെതിരെ ബഹിഷ്കരണം ഏർപ്പെടുത്തണമെന്നും ഇറാൻ പ്രസിഡന്റ്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ തമ്മിൽ സമവായമില്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് അൽ ജസീറ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉച്ചകോടിക്ക് ചുക്കാൻ പിടിച്ച നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം കാരണം പല അറബ് നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കാനും തയ്യാറായിട്ടില്ല. അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യമുണ്ടെന്ന് ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഉച്ചകോടി നടന്നതെന്ന വിമർശനമാണ് അൽ ജസീറ ഉന്നയിക്കുന്നത്.

ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ അറബ് ജനതയുടെ രോഷം ആളിക്കത്തിയതിന് പിന്നാലെയാണ് ഇസ്രഈൽ നടപടിയെ അപലപിക്കാൻ പോലും അറബ് രാഷ്ട്രങ്ങൾ തയ്യാറായത്. ഇതിനെ തുടർന്നാണ് ഇസ്രഈൽ ആക്രമണത്തെ അപലപിച്ച് യു.എന്നിൽ പ്രമേയം പാസാക്കാൻ അറബ് വിദേശകാര്യ മന്ത്രിമാർ യു.എൻ അംഗങ്ങളെ പ്രേരിപ്പിച്ചത്.

ഫലസ്തീനികളോടുള്ള താത്പര്യം അറബ് രാജ്യങ്ങളിൽ കുറഞ്ഞ് വരാൻ തുടങ്ങിയത് 1979ൽ ഇസ്രഈലുമായി ഒപ്പുവെച്ച ഈജിപ്തിന്റെ സമാധാന ഉടമ്പടി മുതലാണെന്ന് പറയാം. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇസ്രഈൽ ലെബനനിൽ നുഴഞ്ഞുകയറിയപ്പോൾ ആരും തടഞ്ഞില്ല. തുടർന്ന് രാജ്യത്ത് നിന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പുറത്താക്കപ്പെടുകയും ഫലസ്തീനിൽ ഹമാസും ലെബനനിൽ ഹിസ്ബുള്ളയും രൂപപ്പെട്ടു.

ഇറാന്റെ നയങ്ങളും അറബ് മേഖലയിലെ അവരുടെ സ്വാധീനവും ചെറുക്കുന്നതിന് അമേരിക്കൻ പിന്തുണ ലഭ്യമാക്കുവാൻ പല രാജ്യങ്ങളും ഇസ്രഈലുമായി നയതന്ത്രബന്ധം സൂക്ഷിക്കുന്നു. ഇറാഖ്-ഇറാൻ സംഘർഷം, ഇറാഖിന്റെ കുവൈത്ത് ആക്രമണം, യു.എസ് നയിച്ച ഗൾഫ് യുദ്ധങ്ങൾ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ഫലസ്തീനെ അവർ പാടെ മറന്നു.

ഫലസ്തീനികൾ അനുഭവിച്ചുകൊണ്ടിരുന്ന യാതനകൾ ഈ രാജ്യങ്ങളിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടായിരുന്നു എന്നതും ഓർക്കണം. ഇസ്രഈലുമായുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഗസയുടെ ദുരവസ്ഥയുടെ ഉത്തരവാദിത്തം പൂർണമായും ഇറാനും ഹമാസിനും ചാർത്തിക്കൊടുക്കുകയാണ് അറബ് രാജ്യങ്ങൾ.

ജോർദാനും തുർക്കിയും 2020ൽ അമേരിക്കൻ പിന്തുണയോടെ ഇസ്രഈലുമായി കരാറുകളിൽ ഏർപ്പെട്ട ബഹ്‌റൈനും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രഈലിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഇസ്രഈലുമായി നയതന്ത്ര ബന്ധം ഇല്ലാത്ത കുവൈത്ത്, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ നിരന്തരം ഇസ്രഈലിനെതിരെ ശബ്ദിക്കാറുണ്ട്.

എന്നാൽ സൗദി അറേബ്യയും യു.എ.ഇയും ഇസ്രഈലുമായി മികച്ച ബന്ധം തന്നെയാണ് പുലർത്തുന്നത്. അറബ്, മുസ്‌ലിം രാജ്യങ്ങളുമായുള്ള ഇസ്രഈലിന്റെ ബന്ധം ദൃഢമാക്കാൻ, 2020ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപിന്റെ പിന്തുണയിൽ അറബ് രാജ്യങ്ങൾ ഒപ്പുവെച്ച അബ്രഹാം കരാറിന് ചുക്കാൻ പിടിച്ചത് യു.എ.ഇയും സൗദി അറേബ്യയുമായിരുന്നു.

നിലവിലെ സംഘർഷങ്ങൾക്കിടയിലും അബ്രഹാം കരാറിനോട്‌ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് സൗദിയും യു.എ.ഇയും വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു.

എന്നാൽ അറബ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ നിലപാടാണ് പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുണ്ടായത്. ഭാഷക്കും ദേശീയതക്കും വംശത്തിനും അതീതമായ മാനുഷിക പിന്തുണയാണ് ലാറ്റിൻ അമേരിക്കയിലെ ഇടതുരാഷ്ട്രങ്ങൾ ഫലസ്തീന് നൽകുന്നത്. ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുക എന്ന നിലപാടായിരുന്നു ബൊളീവിയയുടേത്. നിലവിലെ സംഘർഷത്തെ തുടർന്ന് ഇസ്രഈലുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി മാറി ബൊളീവിയ. 2008ലും ഇസ്രഈലുമായുള്ള ബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നെവെങ്കിലും 2020ൽ പുനസ്ഥാപിക്കുകയായിരുന്നു.

ചിലിയും കൊളംബിയയും ഹോണ്ട്യൂറയും തങ്ങളുടെ അംബാസിഡർമാരെ ഇസ്രഈലിൽ നിന്ന് തിരിച്ചു വിളിച്ചു. ഇസ്രഈലി ആക്രമണങ്ങളെ ‘വംശഹത്യ’യെന്ന് വിമർശിച്ച ആദ്യത്തെ നേതാക്കളിൽ ഒരാളാണ് കൊളംബിയൻ പ്രസിഡന്റ്‌ ഗസ്താവോ പെട്രോ.

ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത ബ്രസീലും വെനസ്വേലയും ക്യൂബയും ഇസ്രഈൽ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും നടപടികളെടുക്കാൻ യു.എന്നിനോട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രസീലിലെ കോപ്പകബാന ബീച്ചിൽ 200ഓളം മൃതശരീരങ്ങളുടെ മാതൃകകൾ പ്രദർശിപ്പിച്ചുകൊണ്ട് ഗസയിലെ ഇസ്രഈലി കൂട്ടക്കുരുതിക്കെതിരെ ഉയർന്ന പ്രദർശനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ലാറ്റിൻ അമേരിക്കയിലെ 14 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം ഫലസ്തീൻ വംശജരുണ്ട്. എന്നറിയപ്പെടുന്ന 1948ലെ ഇസ്രഈലി ആക്രമണത്തെ തുടർന്ന് ഫലസ്ഥീനിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ മുൻഗാമികളാണ് ഇവരിൽ ബഹുഭൂരിപക്ഷവും. ചിലിയിൽ മാത്രം ഫലസ്തീൻ അഭയാർത്ഥികളുടെ അഞ്ച് ലക്ഷം പിൻഗാമികളുണ്ട്.

സാൻതിയാഗോ നഗരത്തിൽ ഫലസ്തീൻ പാരമ്പര്യത്തെ ആദരിക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ ഡിപോർട്ടീവോ ഫലസ്തീനോ എന്ന ഫുട്ബോൾ ക്ലബ് വളരെ ജനകീയമാണ്.

ബ്രസീലിൽ 70,000ത്തോളം ഫലസ്തീനികളാണ് താമസിക്കുന്നത്. സാമ്രാജ്യത്വത്തിന്റേയും അധിനിവേശത്തിന്റേയും കയ്പ്പേറിയ അനുഭവങ്ങൾ പേറിയ ലാറ്റിൻ അമേരിക്കൻ ജനതക്ക് ഫലസ്തീനികളുടെ വേദന തിരിച്ചറിയാൻ സാധിക്കുന്നുണ്ടാകണം.

1950കളിലും 60കളിലും ഏകാധിപതികൾ ഭരണം ഏറ്റെടുത്തപ്പോൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇസ്രഈലിനെ അംഗീകരിക്കുകയും അവരുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏകാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യ ശക്തികൾ ഏറ്റുമുട്ടുകയും ഭരണം നേടുകയും ചെയ്തതിന് പിന്നാലെ ഫലസ്തീന്റെ വിമോചന മുന്നേട്ടങ്ങളിൽ അവർ പങ്കാളികളായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിലി മുതൽ അർജന്റീന വരെയുള്ള രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തിയ, പിങ്ക് ടൈഡ്‌ എന്നറിയപ്പെടുന്ന രാഷ്ട്രീയ തരംഗം രൂപപ്പെട്ടതിന് പിന്നാലെയാണ് ഫലസ്തീന് ലാറ്റിൻ അമേരിക്കയിൽ പിന്തുണ വർധിച്ചത്.
ഫലസ്തീനികൾക്ക് സൗജന്യ വിസയിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന 12 രാജ്യങ്ങളും ഒന്നുകിൽ ലാറ്റിൻ അമേരിക്കയിലോ അല്ലെങ്കിൽ ആഫ്രിക്കയിലോ ആണ്.

ദക്ഷിണാഫ്രിക്കയും ഇസ്രഈലിൽ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ആഫ്രിക്കയിലെ ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് ഇസ്രഈലിനെ വർണവിദ്വേഷ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്ന കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു.

വിസയില്ലാതെ ഫലസ്തീനികൾക്ക് സൗജന്യമായി യാത്ര ചെയ്യാനും താമസ അവകാശങ്ങളും ലഭ്യമാക്കിക്കൊണ്ടായിരുന്നു വെനസ്വേല തങ്ങളുടെ പിന്തുണ പരസ്യപ്പെടുത്തിയത്. ഫലസ്തീനികൾക്ക് വെനസ്വേലയിൽ മെഡിസിൻ പഠിക്കാനുള്ള സ്‌കോളർഷിപ്പുകൾ ഉൾപ്പെടെ അവർ ലഭ്യമാക്കിയിരുന്നു. ഇസ്രഈലിന് അമേരിക്ക നൽകുന്ന പിന്തുണ എപ്പോഴും സംശയ ദൃഷ്ടിയോടെ മാത്രമാണ് ലാറ്റിൻ അമേരിക്ക കണ്ടിട്ടുള്ളത്.

ജനസംഖ്യയുടെ വലിയ ശതമാനവും ജൂതരുള്ള, ഇസ്രഈലുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന അർജന്റീന പോലും അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ പേരിൽ ഇസ്രഈലിനെ എതിർത്തിരുന്നു.

വംശീയവിദ്വേഷത്തിന്റെയും അധിനിവേശത്തിന്റെയും ഇസ്രഈലി ക്രൂരത ലോകത്തിന് മുമ്പിൽ നഗ്നമായി തുടരുമ്പോൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ അറബ് രാജ്യങ്ങൾക്ക് നേരെ കൂടിയാണ് വിരൽ ചൂണ്ടുന്നത് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

Content Highlight: Latin america’s pro palestinian postition while Arab Countries pulls back

ഷഹാന എം.ടി.

ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.

We use cookies to give you the best possible experience. Learn more