| Sunday, 23rd May 2021, 7:23 am

ലതികാ സുഭാഷ് എന്‍.സി.പിയിലേക്ക്; പ്രഖ്യാപനം ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയിലേക്ക്. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലതികാ സുഭാഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

പാര്‍ട്ടിയില്‍ ചേരുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ലതിക പറഞ്ഞു.

‘പി.സി ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാന്‍ വളരെ ചെറിയ പ്രായം മുതല്‍ കാണുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചര്‍ച്ചകള്‍ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാന്‍ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ വന്ന വ്യക്തി എന്ന നിലയില്‍ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജിക്ക് പിന്നാലെ ലതിക തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.

‘കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു,’ എന്നായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച ഉടന്‍ ലതിക പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് രാജി വെച്ചത്.

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലതിക മത്സരിക്കുകയും ചെയ്തിരുന്നു.

മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലതികയെ പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.

ദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാവായിരുന്ന പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് എന്‍.സി.പിയില്‍ ചേരുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തെ പുതിയ സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lathika Subhash joining with NCP, officially announced soon

We use cookies to give you the best possible experience. Learn more