| Tuesday, 30th March 2021, 5:14 pm

സ്ത്രീകളെ കുത്തിനോവിക്കുന്ന മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലില്‍ പ്രതികരിച്ച് ലതിക സുഭാഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കോണ്‍ഗ്രസിന്റെ നടപടിക്ക് ബാലറ്റിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം മറുപടി പറയുമെന്ന് ലതിക സുഭാഷ് പറഞ്ഞു.

മുല്ലപ്പള്ളിക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലെന്നും അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

‘ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ കുത്തിനോവിക്കാനും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനും മടിയില്ലാത്ത കെ.പി.സി.സി അധ്യക്ഷനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ഒരു വനിത ഇത്തരത്തില്‍ പ്രതികരിച്ചതിന് എന്നോട് കാണിച്ച ഈ നടപടിക്കെതിരെ കേരളത്തിലെ സ്ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. മറ്റൊന്നും ഇതില്‍ പറയാനില്ല.’, ലതിക പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് പ്രതിഷേധിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെക്കുകയും ചെയ്തിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.

ഇന്നാണ് ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചത്.

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lathika Subhash Comment

We use cookies to give you the best possible experience. Learn more