|

'രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹം'; എന്‍.സി.പിയില്‍ ചേര്‍ന്ന് ലതികാ സുഭാഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചത്.

എന്‍.സി.പി കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ലതികാ സുഭാഷ് പറഞ്ഞു.

എന്‍.സി.പിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും ലതിക കൂട്ടിച്ചേര്‍ത്തു.

എന്‍.സി.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ പി. സി ചാക്കോയുമായി ലതികാ സുഭാഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

‘കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ നിന്ന് വന്ന വ്യക്തി എന്ന നിലയില്‍ എന്‍.സി.പിയില്‍ ചേരാനുള്ള ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കും,’ എന്നായിരുന്നു ലതികാ സുഭാഷ് നേരത്തെ പറഞ്ഞിരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജിക്ക് പിന്നാലെ ലതിക തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.

‘കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു,’ എന്നായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച ഉടന്‍ ലതിക പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് രാജി വെച്ചത്.

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലതിക മത്സരിക്കുകയും ചെയ്തിരുന്നു.

മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലതികയെ പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Lathika Subhash announced she joined NCP