| Sunday, 27th October 2019, 5:20 pm

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ലതികാ സുഭാഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.

കേരള പൊലീസിന്റെ ഒത്തു കളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രതികളെ വെറുതെ വിട്ട സംഭവമെന്നാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞത്. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.

വാളയാര്‍ക്കേസ് സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് ആനി രാജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എല്‍.എ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

എന്നാല്‍, മൂത്ത കുട്ടി മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ ഞങ്ങളെ കാണിച്ചില്ലെന്നും രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് റിപ്പോര്‍ട്ട് കാണിക്കാന്‍ പൊലീസ് തയ്യാറായതെന്നും കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തെളിവുകളുടെ അഭാവത്തിലാണ് നാലു പ്രതികളെയും കോടതി വെറുതെ വിട്ടത്. എന്നാല്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയ പൊലീസ് പൂര്‍ണമായ വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ സാധ്യതകള്‍ കൂടി പരിശോധിച്ച ശേഷം അപ്പീല്‍ നല്‍കും.

We use cookies to give you the best possible experience. Learn more