| Thursday, 24th June 2021, 11:22 pm

ജോസഫൈന്‍ നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവര്‍ക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ; ജോസഫൈനെതിരെ ലതിക സുഭാഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് ലതിക സുഭാഷ്.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് ജോസഫൈന്‍ നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നതവര്‍ക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂയെന്നും തീര്‍ത്തും അനുചിതമായിപ്പോയെന്നും ലതിക സുഭാഷ് പറഞ്ഞു.

നേരത്തേ എം.സി. ജോസഫൈന്‍ നടത്തിയ ‘പാര്‍ട്ടിയാണ് കോടതി’യെന്ന പ്രയോഗത്തിനെതിരെ അന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

”വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അടുത്ത് സ്ത്രീകള്‍ നീതി തേടി വരുമ്പോള്‍ അവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതുപോലെ തന്നെ അവരോട് സംസാരിക്കുമ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് ലഭ്യമാക്കേണ്ടത് സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സാന്ത്വനത്തിന്റെയും ശബ്ദമായിരിക്കണം,” ലതിക സുഭാഷ് പറഞ്ഞു.

ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്ന ആളാണ് താനെന്നും ഈ സ്ഥാനത്തിരുന്ന് നടത്തുന്ന സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവര്‍ക്ക് വിഷമം കൂട്ടാനെ ഉപകരിക്കൂ എന്നും അത് ശരിയായില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Lathika Subash against Josephine

Latest Stories

We use cookies to give you the best possible experience. Learn more