[]കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കെ.കെ ലതിക എം.എല്‍.എയിലേക്കും നീളുന്നു. സന്ദര്‍ശനം അന്വേഷിക്കുമെന്ന് ജയില്‍ ഡി.ജി.പി അറിയിച്ചു.
പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം പുറത്ത് വന്ന ദിവസമാണ് ലതിക ജയിലില്‍ ഭര്‍ത്താവ് മോഹനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചത്.
വാര്‍ത്ത പുറത്ത് വന്ന് ഒരു മണിക്കൂറിനുള്ളിലാണ് ലതിക എം.എല്‍.എ ജയിലില്‍ സന്ദര്‍ശിച്ചത്. അതേ ദിവസം തന്നെ ജയിലില്‍ രണ്ട് തവണ പരിശോധന നടത്തിയെങ്കിലും ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ടി.പി വധക്കേസിലെ പ്രതികളുടെ മൊബൈല്‍ഫോണ്‍ നിശ്ചലമായത് ലതിക എം.എല്‍.എ യുടെ ജയില്‍ സന്ദര്‍ശനത്തിന് ശേഷമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ലതികയും മറ്റ് മൂന്ന് പേരുമാണ് ജയിലിലെത്തിയത്.
മോഹനന്‍ മാസ്റ്ററിനുള്ള വസ്ത്രങ്ങളുമായാണ് ലതിക ജയിലില്‍ എത്തിയിരുന്നത് എന്നാണ് അറിയുന്നത്. സംഭവ ദിവസം 11.30 നാണ് ലതിക ജയിലിലെത്തിയതെന്ന് ജയില്‍ രേഖയില്‍ നിന്നും വ്യക്തമാണ്.
വാര്‍ത്ത പുറത്ത് വരുന്നത് 10.30 ഓടെയാണ്. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വെച്ചാണ് സന്ദര്‍ശനം നടന്നത്. ഇവിടെ ക്യാമറകള്‍ ഇല്ല എന്നും ശ്രദ്ധേയമാണ്.
ഇതിനുതൊട്ട് പിന്നാലെ മുഹമ്മദ് ഷാഫിയുടേതടക്കമുള്ള ഫോണുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ടി.പി കേസിലെ പ്രതികളായ കൊടിസുനി, കിര്‍മാണി മനോജ് എന്നിവരടക്കമുള്ള സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിടുകയായിരുന്നു.
ലതിക എം.എല്‍.എയുടെ സന്ദര്‍ശനം ആസൂത്രിതമാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ ആരോപിച്ചു. ഫോണുകള്‍ ജയിലിന് പുറത്തേക്ക് കടത്തുകയോ സെപ്റ്റിക് ടാങ്കിലോ നിക്ഷേപിച്ച് കാണുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ജയിലില്‍ വീണ്ടും പരിശോധന നടക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കിലെ പൈപ്പില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു.