ന്യൂദല്‍ഹി: കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ദല്‍ഹി ജന്തര്‍മന്ദിറില്‍ എത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്. നൂറ് കണക്കിനാളുകളാണ് ജന്തര്‍മന്ദറില്‍ ഇന്നും പ്രതിഷേധവുമായെത്തിയത്. ഞങ്ങള്‍ക്ക് നീതി വേണം എന്ന പ്ലക്കാര്‍ഡുമേന്തിയാണ് പ്രതഷേധക്കാര്‍ ഒത്തുകൂടിയത്.
പ്രതിഷേധത്തെ ഭയന്ന് പെണ്‍കുട്ടിയുടെ മൃദദേഹം അതീവരഹസ്യമായാണ് സംസ്‌കരിച്ചത്. കോണ്‍ഗ്രസിന് പുറമെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ അംഗങ്ങള്‍ മാത്രമേ ദല്‍ഹിയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ എന്നാണ് അറിയുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍. സിംഗ്, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വെസ്റ്റ് ദല്‍ഹി എം.പി മഹാബല്‍ മിശ്ര, ദല്‍ഹി ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയിലെത്തുന്ന മൃദദേഹം പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പ്രതിഷേധക്കാരെ ഭയന്ന് പെണ്‍കുട്ടിയുടെ ഫോട്ടോയോ മറ്റോ ഇതുവരെ സര്‍ക്കാര്‍ പുറത്തു വിട്ടില്ല. ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. രഹസ്യ സ്വഭാവം നിലനില്‍ക്കുന്ന സംസ്‌കാരച്ചടങ്ങില്‍ നിന്നും മാധ്യമങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു.
ജ്യോതി മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയ അധികൃതര്‍, ന്യൂദല്‍ഹിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പതിവുപോലെ ഇന്നും മെട്രോസ്‌റ്റേഷനുകള്‍ അടഞ്ഞു തന്നെയാണ് കിടക്കുന്നത്. പ്രധാന റോഡുകള്‍ മുഴുവന്‍ ഇന്നും പോലീസ് അടച്ചിരിക്കുകയാണ്.
ദല്‍ഹിയില്‍ മാത്രമല്ല മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജ്യോതി (23) ശനിയാഴ്ച പുലര്‍ച്ചെ 2.15ന് ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് ബലിയ ജില്ലയിലെ മേധ്വാര സ്വദേശിയാണ് ജ്യോതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണസമയത്ത് സമീപത്തുണ്ടയിരുന്നു.
സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത്. ശ്വാസകോശത്തിലും അടിവയറ്റിലും അണുബാധ വര്‍ധിച്ചതിനാല്‍ വെള്ളിയാഴ്ച തന്നെ ആരോഗ്യനില മോശമായിരുന്നു. സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെയുണ്ടായ ഹൃദയാഘാതവും അണുബാധയും മസ്തിഷ്‌കത്തിലെ മുറിവും സ്ഥിതി മോശമാകാന്‍ കാരണമായെന്നും മൗണ്ട് എലിസബത്ത് സി.ഇ.ഒ ഡോ. കെല്‍വിന്‍ ലോ പറഞ്ഞു.
ദല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ വെച്ച് പെണ്‍കുട്ടിക്ക് മൂന്ന് തവണ ഉദരശസ്ത്രക്രിയയും രണ്ട് തവണ ഹൃദയാഘാതവും സംഭവിച്ചിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പെണ്‍കുട്ടിയെന്നും എന്നിട്ടും സര്‍ക്കാറിന്റെ മാത്രം തീരുമാനപ്രകാരം മാത്രമാണ് സിംഗപ്പൂരിലേക്ക് മാറ്റിയതെന്നും ദല്‍ഹിയിലെ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച അതിരാവിലെ സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും അണുബാധ രൂക്ഷമായതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 24 മണിക്കൂറായി പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഡിസംബര്‍ പതിനാറാം തിയ്യതി ദല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ പുലര്‍ച്ചെ 1.15 നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്.
രാത്രി 11 മണിക്ക് ദല്‍ഹിയിലെ മുനിര്‍ക്കയില്‍ നിന്നും പലം എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഏതാണ്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ബസിലുണ്ടായിരുന്ന കുറച്ചാളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി.
ഇത് തടഞ്ഞ സുഹൃത്തിനെ ഇവരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബസിന്റെ കാബിനിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാംത്സംഗം ചെയ്യുകയായിരുന്നു.
ഇതിന് ശേഷം പകുതി വസ്ത്രം അഴിച്ച് മാറ്റിയതിന് ശേഷം പെണ്‍കുട്ടിയേയും സുഹൃത്തിനേയും ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
അതേസമയം കേസിന്റെ വിചാരണ അടുത്തമാസം മൂന്നിന് ആരംഭിക്കും. ജനുവരി മൂന്ന് മുതല്‍ എല്ലാ ദിവസവും വിചാരണ നടക്കും. ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സത്രീകള്‍ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ വളരെ കൂടുതലാണെന്നതിനാലാണ് അതിവേഗ കോടതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.