തിരുവനന്തപുരം: പാഠ പുസ്തകങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരു സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് നിയമസഭാ കവാടത്തിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് തടഞ്ഞു. ഇവര്‍ക്കുനേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. പോലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലുകള്‍ എറിയുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തിന് ഇതു വരെയും അയവ് വന്നിട്ടില്ല. ഇവിടെ വി. ശിവന്‍ കുട്ടി എം.എല്‍.എയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ എത്തിയവരായിരുന്നു അദ്ദേഹം.
കോഴിക്കോട് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ എസ്.എഫ്.ഐ മാര്‍ച്ചും അക്രമാസക്തമായി. പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു.