ആലപ്പുഴ: പി. കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ പ്രതി ലതീഷ് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവുകയും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണം.
ലതീഷ് ചന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് കീഴടങ്ങിയത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയിരുന്നത്. കേസില്‍ ലതീഷടക്കം അഞ്ചു പ്രതികളാണുള്ളത്.
മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ലതീഷ് ബി. ചന്ദ്രന്‍. ലതീഷിനു പുറമേ സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് സ്മാരകം തീവെച്ച് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനു പിന്നാലെ അഞ്ചുപേരെയും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, താന്‍ നിരപരാധിയാണെന്നും ആരോ മനപൂര്‍വ്വം തന്നെ കുടുക്കിയതാണെന്നുമാണ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണ് താനെന്നും ലതീഷ് പറഞ്ഞിരുന്നു.
രണ്ടാം പ്രതി പി. സാബുവും സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണെന്ന പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. തന്നോടുള്ള മുന്‍വൈരാഗ്യം കാരണമാണ് സി.പി.ഐ.എം നേതാവ് പി.കെ പളനി തനിക്കെതിരെ മൊഴി നല്‍കിയതെന്നും സാബു പറഞ്ഞിരുന്നു.
2013 ഒക്ടോബര്‍ 3നാണ് പി. കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തത്. സി.പി.ഐ.എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.