കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഹൈദരാബാദില്‍ നടക്കുന്ന ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം സമാപിച്ചിരിക്കുകയാണ്. യോഗത്തില്‍ അമിത് ഷായുടെ രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒന്ന്, ഇനിവരുന്ന 30- 40 വര്‍ഷങ്ങള്‍ ബി.ജെ.പിയുടെ കാലഘട്ടമായിരിക്കും. രണ്ട്, ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയില്‍ അധികാരം പിടിക്കലാണ് അടുത്ത ലക്ഷ്യം.
ആദ്യത്തെ പ്രസ്താവനയില്‍ കൂടുതല്‍ അത്ഭുതപ്പെടാനൊന്നുമില്ല. പേരിനുപോലും പ്രതിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദേശീയ രാഷ്ട്രീയത്തില്‍ ഇനി രണ്ടുമൂന്ന് പതിറ്റാണ്ടുകളും ബി.ജെ.പി ഭരിക്കുമെന്ന് തന്നെയാണ് ലളിതമായ രാഷ്ട്രീയ നിരീക്ഷണങ്ങളൊക്കെ തന്നെ സൂചിപ്പിക്കുന്നത്, ഞെട്ടിപ്പിക്കുന്ന അത്ഭുത സംഭവവികാസങ്ങളൊന്നും മറിച്ച് സംഭവിച്ചില്ലെങ്കില്‍.
രണ്ടാമത്തെ പ്രസ്താവന കുറേകൂടി ഗൗരവത്തില്‍ നാം കാണേണ്ടതുണ്ട്. ദേശീയ തലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം പ്രബലമായി നില്‍ക്കുമ്പോഴും അതിന്റെ ശക്തികേന്ദ്രങ്ങളായി നിലകൊള്ളുന്നത് പശു ബെല്‍റ്റ് അല്ലെങ്കില്‍ ഹിന്ദി ബെല്‍റ്റ് എന്നൊക്കെ വിളിക്കാവുന്ന നോര്‍ത്ത് ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളാണ്. മറ്റ് പല നോര്‍ത്ത്ഈസ്റ്റ് സംസ്ഥാനങ്ങളും സംഘപരിവാറിന് വളരാന്‍ അനുയോജ്യമായ വളക്കൂറുള്ള മണ്ണ് അല്ലാതിരുന്നിട്ട് പോലും പ്രചണ്ഡമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്‍തൂക്കം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാര്‍ തങ്ങളുടെ അടുത്ത ദൗത്യമായി ദക്ഷിണേന്ത്യയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യ പൊതുവെ വൈവിധ്യങ്ങളുടെ മണ്ണാണെന്നും ഹിന്ദുത്വ വര്‍ഗീയതയെ പടിക്കുപുറത്ത് നിര്‍ത്തുമെന്നുമുള്ള അമിത ആത്മവിശ്വാസത്തെ കര്‍ണാടകയും ഗോവയും മറികടന്നത് നാം കണ്ടതാണ്.
ഇനിയും ബി.ജെ.പിക്ക് തീരെ കാലുറപ്പിക്കാനാകാത്ത സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയിലുണ്ട്. അമിത് ഷായുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ മണ്ണിന്റെ രാഷ്ട്രീയ സ്വഭാവം അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.പത്ത് കാര്യങ്ങളാണ് എനിക്ക് മുന്നോട്ടു വെക്കാനുള്ളത്.
1. ബ്രാഹ്മണിക- ഹൈന്ദവ സാംസ്‌കാരത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയമാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്നത്. സാംസ്‌കാരികമായും ഭാഷാപരമായും ഏകത്വമുള്ള സാമൂഹികഘടന സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് വളരാന്‍ ആവശ്യമാണ്. അതായത് ബ്രാഹ്മണിക് ഹൈന്ദവ സംസ്‌കാരവും ഹിന്ദിഭാഷാ മാധ്യമവും പ്രധാന ഘടകങ്ങളാണ്.
അതോടൊപ്പം ഉത്തരേന്ത്യയുടെ സാമൂഹികഘടനയെ ഹിന്ദു- മുസ്‌ലിം വേര്‍തിരിവിലും പരസ്പര വിദ്വേഷത്തിലും മാറ്റിത്തീര്‍ത്ത ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളും ഉണ്ട് (മധ്യകാല മുസ്‌ലിം ഭരണം മുതല്‍ ഇന്ത്യാ വിഭജനം വരെ). ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് നോര്‍ത്ത് ഇന്ത്യയില്‍ സംഘപരിവാര്‍ അതിദ്രുതം വളര്‍ന്നുവന്നത്.
2.ദക്ഷിണേന്ത്യ ഭാഷാപരമായും സാംസ്‌കാരികമായും ഉത്തരേന്ത്യയേക്കാള്‍ ‘പൊതുവെ’ വൈവിധ്യമുള്ള നാടാണ്. ചരിത്രപരവും രാഷ്ട്രീയപരവുമായ ഘടകങ്ങള്‍ (മധ്യകാല മുസ്‌ലിം ഭരണം മുതല്‍ ഇന്ത്യാ വിഭജനം വരെ) ദക്ഷിണേന്ത്യയെ ബാധിച്ചിട്ടുമില്ല. അതുകൊണ്ട് വളരെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ സംഘപരിവാറിന് സാധിക്കുന്നില്ല.
3. ദക്ഷിണേന്ത്യ ഭാഷാപരമായി തികച്ചും വ്യത്യസ്തമാണെങ്കിലും സാംസ്‌കാരികമായ വ്യത്യാസം അത്ര ആഴത്തിലുള്ളതല്ല. ബ്രാഹ്മണിക് ഹൈന്ദവ സംസ്‌കാരം ദക്ഷിണേന്ത്യയില്‍ പലയിടത്തും വേരാഴ്ത്തിയിട്ടുണ്ട് (നോര്‍ത്ത് ഇന്ത്യയോളം ഇല്ലെങ്കിലും). അതുകൊണ്ടാണ് ഭാഷാപരമായി ഹിന്ദിയിതര സംസ്ഥാനമായിട്ടും സവര്‍ണ ഹൈന്ദവത വാഴുന്ന കര്‍ണാടകയില്‍ സംഘപരിവാറിന് പെട്ടെന്ന് വളര്‍ന്നുവരാന്‍ സാധിച്ചത്.
കര്‍ണാടകയുടെ മധ്യകാല ചരിത്രത്തിലെ വിജയനഗര- ബാഹ്മാനിക് സാമ്രാജ്യങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതക്ക് ആക്കം കൂട്ടാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ പ്രൊപഗാണ്ടയെ സഹായിക്കുന്ന ചരിത്രപരമായ ഘടകങ്ങളുമാണ്.
4. കേരളവും തമിഴ്‌നാടും ബ്രാഹ്മണിക് ഹൈന്ദവ സംസ്‌കാരത്തിന് വേരോട്ടമുള്ള നാടുകളായിരുന്നിട്ടും സംഘപരിവാര്‍ വളരാത്തതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.
ഒന്ന്, ബ്രാഹ്മണിക് വിരുദ്ധ, ജാതിവിരുദ്ധ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളും- നവോത്ഥാന പ്രസ്ഥാനങ്ങളും. രണ്ട്, അവര്‍ണ ബഹുജന്‍ പിന്തുണയോടെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ (തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയവും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവും).
മൂന്ന്, ഹൈന്ദവ വേദിക് ചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലനില്‍ക്കുന്ന തമിഴ് സംഘകാല ദ്രാവിഡ ചരിത്ര സാംസ്‌കാരിക സ്വത്വ ബോധരൂപങ്ങള്‍.
നാല്, നോര്‍ത്ത് ഇന്ത്യ പങ്കുവെക്കുന്ന ചരിത്രപരവും രാഷ്ട്രീയപരവുമായ ഘടകങ്ങളുടെ അഭാവം (മധ്യകാല മുസ്‌ലിം ഭരണം മുതല്‍ ഇന്ത്യാ വിഭജനം വരെ).
5. തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക പരിഷ്‌കരണങ്ങളും നവോത്ഥാന ശ്രമങ്ങളും പിന്നീടുണ്ടായ ദ്രാവിഡ രാഷ്ട്രീയ മുന്നേറ്റങ്ങളും ബ്രാഹ്മണിക് വേദിക് ഹൈന്ദവതയെ മാറ്റി നിര്‍ത്തുകയും തമിഴ്- സംഘകാല ചരിത്രസ്വത്വങ്ങളെ തട്ടിയുണര്‍ത്തുകയുമുണ്ടായി. അവര്‍ണ ബഹുജന പിന്തുണയുള്ള പ്രാദേശിക സാംസ്‌കാരികത ഉള്‍ക്കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അവിടെ ഉയര്‍ന്നുവന്നത്. അത്തരം രാഷ്ട്രീയ ഭൂമികയില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഇറങ്ങിച്ചെല്ലുക പ്രയാസമാണ്.
6. കേരളത്തില്‍ വലിയ രീതിയില്‍ ശ്രീനാരായണ ഗുരുവിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന നവോത്ഥാന സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ ബ്രാഹ്മണിക് ഹൈന്ദവതയെ പ്രതിരോധിക്കുകയും അവര്‍ണ ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. അത്തരം മണ്ണില്‍ ഉയര്‍ന്നുവന്ന ഇടതുപക്ഷ രാഷ്ട്രീയം അവര്‍ണ വിഭാഗങ്ങളെ കൂടെ ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ സാമൂഹിക മുന്നേറ്റമായി വളരുകയും സംഘപരിവാര്‍ രാഷ്ട്രീയത്തിന് വിരുദ്ധമായ സെക്യുലര്‍ രാഷ്ട്രീയബോധം ജനങ്ങളില്‍ വളരുകയും ചെയ്തു.
അതിനാല്‍ കേരളീയ പൊതുബോധത്തില്‍ മതാത്മക ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന സംഘപരിവാറിന് വളരാന്‍ പ്രയാസമായിരിക്കും.
7. ഹിന്ദിയിതര പ്രാദേശിക ഭാഷാ സാംസ്‌കാരിക സ്വത്വങ്ങള്‍ അടിസ്ഥാനമാക്കി ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ആന്ധ്ര, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്‍ ഇപ്പോഴും സംഘപരിവാറിന് വലിയ സ്വാധീനം ചെലുത്താന്‍ പറ്റാത്ത ഇടങ്ങളായി തുടരുന്നത്.
8. സൗത്ത് ഇന്ത്യയില്‍ സംഘപരിവാറിന്റെ വളര്‍ച്ച ചര്‍ച്ച ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട ഒരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഭാഷാപരമായും സാംസ്‌കാരികമായും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം നവോത്ഥാന സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണായതുകൊണ്ട് കൂടിയാണ് ഇപ്പോഴും അവിടെ സംഘപരിവാര്‍ അധികാരത്തില്‍ എത്തിപ്പെടാതിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവും മനസിലാക്കാം.
9. സംഘപരിവാര്‍ വളരുന്നതില്‍ ബ്രാഹ്മണിക് ഹൈന്ദവതയും ഹിന്ദി ഭാഷാ മാധ്യമവും ചരിത്രപരമായ ഹിന്ദു – മുസ്‌ലിം വിഭാഗീയത ഉണര്‍ത്തുന്ന രാഷ്ട്രീയ ഘടകങ്ങളും (മധ്യകാല മുസ്‌ലിം ഭരണം മുതല്‍ ഇന്ത്യാ വിഭജനം വരെ) പ്രധാന കാരണങ്ങളാണെങ്കിലും ഇന്ന് സംഘപരിവാറിന്റെ വളര്‍ച്ച നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം മുസ്‌ലിം വിരോധമാണ്.
ആഗോള ഇസ്‌ലാമിക തീവ്രവാദവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഹിന്ദു- മുസ്‌ലിം സാമുദായിക പ്രശ്‌നങ്ങളും ഊതിവീര്‍പ്പിച്ച് മുസ്‌ലിം ഭയം സൃഷ്ടിച്ചാണ് ഇന്ന് സംഘപരിവാര്‍ വളരാന്‍ ശ്രമിക്കുന്നത്.
10. കൂടുതല്‍ ആഗോളവല്‍കൃതവും, ഭാഷാ സാംസ്‌കാരിക അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നതും, സോഷ്യല്‍ മീഡിയ വഴി നിമിഷനേരം കൊണ്ട് ആശയ- സാംസ്‌കാരിക- രാഷ്ട്രീയവിനിമയം സാധ്യമാകുന്നതുമായ ലോകക്രമമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ട് സംഘപരിവാര്‍ എന്നല്ല ഏത് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനും എവിടെയും വളരാന്‍ അനുയോജ്യമായ സാഹചര്യമാണ് ഇന്നത്തേത്.
മുസ്‌ലിം വിദ്വേഷം ഊതിവീര്‍പ്പിച്ച് ദക്ഷിണേന്ത്യയിലും ഇടം കണ്ടെത്താനുള്ള തിരക്കിലാണ് സംഘപരിവാര്‍. ജാഗ്രത പാലിക്കാന്‍ സെക്യുലര്‍ രാഷ്ട്രീയ നേതൃത്വവും മുസ്‌ലിം സമുദായവും തയ്യാറായേ തീരൂ. ഇസ്‌ലാമിസ്റ്റ് വര്‍ഗീയത എത്രത്തോളം വര്‍ധിക്കുമോ അത്രത്തോളം മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ ഒരുക്കമാണ് എന്ന് ഓര്‍ത്തിരിക്കുക.
ജാഗ്രത കാണിച്ചാല്‍ ദക്ഷിണേന്ത്യ സുരക്ഷിതമാണ്.
Content Highlight: Latheef Abbas Patla analysis on the growth of BJP in South India