| Thursday, 8th August 2019, 5:35 pm

അത് സിദ്ധുവായിരിക്കില്ല; ശത്രുഘന്‍ സിന്‍ഹയെ ഡല്‍ഹി അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് ആലോചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ എം.പി ശത്രുഘന്‍ സിന്‍ഹയെ ഡല്‍ഹി കമ്മറ്റിയുടെ അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആലോചന. അദ്ധ്യക്ഷയായിരുന്ന ഷീ ലാ ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പുതിയ അദ്ധ്യക്ഷനെ തേടുന്നത്.

അദ്ധ്യക്ഷനാവാന്‍ താന്‍ തയ്യാറാണെന്ന സൂചന ശത്രുഘന്‍ സിന്‍ഹ പരോക്ഷമായി നല്‍കി കഴിഞ്ഞു. ഏത് ഉത്തരവാദിത്വവും സത്യസന്ധമായി ഏറ്റെടുക്കാന്‍ തയ്യാറാണ്. അതേ സമയം താന്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ശത്രൂഘന്‍ സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേരുന്നത്. അടുത്ത വര്‍ഷമാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ ഒരുക്കുക എന്ന ഉത്തരവാദിത്വമാണ് ശത്രുഘന്‍ സിന്‍ഹയെ കാത്തിരിക്കുന്നത്.

ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയോട് രാഷ്ട്രീയമായി ഏറ്റുമുട്ടാന്‍ ശേഷിയുള്ള വ്യക്തിയായാണ് ശത്രുഘന്‍ സിന്‍ഹയെ കോണ്‍ഗ്രസ് പ്രവര്ഡത്തകര്‍ കാണുന്നത്. ഡല്‍ഹിയില്‍ ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും വന്ന് സ്ഥിരതാമസമാക്കിയവര്‍ നിരവധി പേരാണ്. ഇവരുടെ വോട്ടുകള്‍ കൂടി ലക്ഷ്യമാക്കിയാണ് ശത്രുഘന്‍ സിന്‍ഹയിലേക്ക് ആലോചനകള്‍ എത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഇടഞ്ഞുനില്‍ക്കുന്ന നവജ്യോത് സിംഗ് സിദ്ധുവിനെ ഡല്‍ഹി അദ്ധ്യക്ഷനായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ശത്രുഘന്‍ സിന്‍ഹയുടെ പേരും വന്നത്.

Latest Stories

We use cookies to give you the best possible experience. Learn more