| Monday, 14th October 2024, 8:33 pm

കേരള തീരത്ത് റെഡ് അലേര്‍ട്ട്; മത്സ്യബന്ധത്തിന് വിലക്ക്, ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ (ചൊവ്വാഴ്ച) പുലര്‍ച്ചെ അഞ്ചര മുതല്‍ ബുധനാഴ്ച 11.30 വരെയാണ് റെഡ് അലേര്‍ട്ട്. തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തുടരുന്നുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നാല് ദിവസത്തിനകം രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായും പിന്മാറാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇക്കാലയളവില്‍ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് മാറിയതായും 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തമായ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചെന്നും ഇത് ചൊവ്വാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദമായി മാറും.

ഇത് വരും ദിവസങ്ങളില്‍ തമിഴ്‌നാട്-ആന്ധ്രാ തീരങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഒരാഴ്ച അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ 10 ജില്ലകളില്‍ വരുന്ന ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രവചിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: latest weather updates on kerala, Red alert on state coast

Latest Stories

We use cookies to give you the best possible experience. Learn more