സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട്
Latest weather Updates
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2024, 9:00 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ വ്യാപകമായ മഴയ്ക്കാണ് സാധ്യത. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് (വ്യാഴാഴ്ച) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത. വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോമറിന്‍ മേഖലയ്ക്ക് മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്.

പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

Content Highlight: Latest weather updates on kerala