ചെന്നൈ: തമിഴ്നാട്ടില്‍ കനത്തമഴ മുന്നറിയിപ്പ്. ഇന്ന് (തിങ്കളാഴ്ച) മുതല്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. നിലവില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഒക്ടോബര്‍ 15ന് ചെന്നൈ സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ ആറ് സെന്റിമീറ്ററിനും 20 സെന്റിമീറ്ററിനും ഇടയില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട രണ്ട് ചുഴലിക്കാറ്റും
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന ന്യൂനമര്‍ദവുമാണ് തമിഴ്‌നാട് തീരത്ത് മഴ കണക്കാന്‍ കാരണമാകുന്നത്.
മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഒരു സംയോജിത കമാന്‍ഡ് സെന്റര്‍ ആരംഭിച്ചതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ‘1913’ അദ്ദേഹം പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പുകള്‍ അറിയുന്നതിനായി പൊതുജനങ്ങള്‍ ‘ടി.എന്‍ അലേര്‍ട്ട്’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ തള്ളിക്കളയരുതെന്നും അധികൃതര്‍ അറിയിച്ചു.
ചെന്നൈയ്ക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും കേന്ദ്ര കാലാവസ്ഥവകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: latest weather updates on chennai, Heavy rain warning in TamilNadu