വരുന്നത് പെരും മഴ, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala News
വരുന്നത് പെരും മഴ, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 5:09 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴ കനക്കുമെന്നതിനാല്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും ഇതേ രീതിയില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഖനനം ഉള്‍പ്പടെയുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കണമെന്ന ശക്തമായ മുന്നറിയിപ്പാണ് നിലവില്‍ കേന്ദ്രം നല്‍കുന്നത്. അതോടൊപ്പം തന്നെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ 19 മുതല്‍ 23 വരെ മലയോര മേഖലകളില്‍ രാത്രികാല യാത്രക്ക് നിരോധനം ഏര്‍്പപെടുത്തിയിട്ടുണ്ട്. ഗവി ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച ജില്ലകളിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ എന്നവയില്‍ ജാഗ്രത പുലര്‍ത്തണമെന്നും വേണ്ട മുന്‍കരുതലുകള്‍ ഉടന്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: latest weather updates kerala, heavy rain alert