| Tuesday, 28th May 2024, 2:22 pm

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കും; എറണാകുളം, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നും അറിയിച്ചു.

ഇതിനെ തുടർന്ന് കോട്ടയം, എറുണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളത്ത് തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ, കൊച്ചിയിൽ പെയ്ത മഴയുടെ കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് സംശയിക്കുന്നതായി കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ അറിയിച്ചു.

രണ്ട് മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് ഏഴ് സെന്റീ മീറ്റർ മഴയാണ്. ഏഴ് സെ.മീറ്ററിന് മുകളിൽ മഴ ലഭ്യമാണെങ്കിൽ അത് മേഘ വിസ്‌ഫോടനമാണെന്നും കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ ലഭിച്ചത് 98 മില്ലി മീറ്റർ മഴയാണ്. ഇന്നലെ രാത്രി മുതൽ മഴ കനത്തതോടെ പലയിടത്തും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു.

Content Highlight: latest weather updates kerala, heavy rain alert

We use cookies to give you the best possible experience. Learn more