| Thursday, 1st August 2024, 10:20 am

വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരും; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

ഒമ്പത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 58 ശതമാനമായി ഉയര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: latest weather updates kerala heavy rain alert

We use cookies to give you the best possible experience. Learn more