ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala News
ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 8:31 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, കോഴിക്കോട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടകയില്‍ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

ശക്തമായ മഴ തുടരുന്നതിനാല്‍ കേരള തീരത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലും ശക്തമായ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച മിക്ക ജില്ലകളിലും മഴ കുറഞ്ഞതിനാല്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പെല്ലാം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ മഴ വീണ്ടും ശക്തമാവുകയായിരുന്നു.

Content Highlight: latest weather updates kerala