|

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചു.

ഐ.ടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകളും പരീക്ഷകളും നടത്തരുതെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതായാണ് വിവരം. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സംസ്ഥാനത്ത് സാധ്യത.

നവംബര്‍ 30ന് ഉച്ചയോടെ പുതുച്ചേരിയില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നാളെ (ശനിയാഴ്ച) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. 2299 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്.

Content Highlight: latest weather updates in tamilnadu, Cyclone Fengal

Video Stories