സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
Weather Updates
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 3:10 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട തീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേര്‍ട്ടുള്ളത്.

2/06/2024-ഞായറാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് ഇന്ന് 0.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴക്കെടുതിയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയിലും മിന്നലിലും സംസ്ഥാനത്ത് നാല് മരണങ്ങള്‍ രേഖപ്പെടുത്തി.

തൃശൂരില്‍ മണിക്കൂറുകളോളം പെയ്ത മഴയുടെ തോത് കുറഞ്ഞതിനാല്‍ നഗരത്തിലെ വെള്ളക്കെട്ട് കുറഞ്ഞ് വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുന്നംകുളത്ത് പെയ്തത് 105 മില്ലിമീറ്റര്‍ മഴയാണ്. ഇടുക്കിയില്‍ ഏതാനും പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മഴയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: latest weather updates in kerala, Warning of heavy rain in today