തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നു. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ നാളെ (തിങ്കളാഴ്ച) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തില്‍ മഴ അതിതീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് തുടരുകയാണ്.
സംസ്ഥാനത്ത് കാലവര്‍ഷ കാറ്റും ശക്തിപ്പെടുന്നതായാണ് മുന്നറിയിപ്പ്. കേരള, തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തീരദേശ നിവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഏത് ഘട്ടത്തിലും സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlight: Latest weather updates in kerala-Red alert in three districts tomorrow