ചക്രവാത ചുഴില്‍ പെട്ട് കേരളത്തില്‍ പെരുമഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala News
ചക്രവാത ചുഴില്‍ പെട്ട് കേരളത്തില്‍ പെരുമഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 9:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

22/05/2024ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 23/05/2024ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും അതിതീവ്ര മഴ ലഭിക്കും. തെക്കന്‍ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

ബുധനാഴ്ച ഉച്ചയോടെ കേരള തീരത്ത് കാലാവസ്ഥ കേന്ദ്രം മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധത്തിനായി കടലിലിറങ്ങരുതെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും അറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂര്‍ അശ്വനി ഹോസ്പിറ്റലില്‍ വെള്ളം കയറി. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തുള്ള കടകളില്‍ വെള്ളം കയറി.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: latest weather updates in kerala, Red alert in five districts