തീര്‍ന്നിട്ടില്ല; കേരളത്തില്‍ കനത്ത മഴ വരുന്നതേയുള്ളു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Latest weather Updates
തീര്‍ന്നിട്ടില്ല; കേരളത്തില്‍ കനത്ത മഴ വരുന്നതേയുള്ളു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 6:07 pm

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ വരുന്നതേയുള്ളു. മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ശനിയാഴ്ച രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സമുദ്രഗവേഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഏത് ഘട്ടത്തിലും സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: latest weather updates in kerala, oranch alert in three districts