കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
Latest weather Updates
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2024, 7:54 pm

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് ഇന്ന് മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

കനത്ത മഴയില്‍ ആലപ്പുഴയില്‍ ഒരാള്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു.

പത്തനംതിട്ടയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്.

Content Highlight: latest weather updates in kerala