തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലുടനീളം പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ പത്ത് ജില്ലകളില്‍ ഇന്ന് (വെള്ളിയാഴ്ച) ഓറഞ്ച് അലേര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കുകിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാക്കിസ്ഥാനും ഇടയിലായി അതിതീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നത്. അടുത്ത 36 മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദം ആകാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വരുന്ന ആറ് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റാകാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്.
മുന്നറിയിപ്പ് പ്രകാരം, കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നദീതീരങ്ങളിലും മണ്ണിടിച്ചലിന് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Content Highlight: latest weather updates in kerala