സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ശനിയാഴ്ച മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
Latest weather Updates
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ശനിയാഴ്ച മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 10:40 pm

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ (ശനിയാഴ്ച) മൂന്ന് ജില്ലികളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് പ്രകാരം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

26,27 തീയതികളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടതടക്കമുള്ള പശ്ചാത്തലത്തിലാണ് കേരളത്തില്‍ വീണ്ടും മഴ കനക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതും കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 24, 27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Latest weather updates in kerala