| Friday, 2nd August 2024, 8:25 am

ശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപകമായി ശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഓരോ മൂന്ന് മണിക്കൂറിലും മാറ്റം വരാവുന്നതാണ്.

അടുത്ത രണ്ട് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കിയിലും എറണാകുളത്തും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Latest weather updates in Kerala

We use cookies to give you the best possible experience. Learn more