| Monday, 13th May 2024, 3:43 pm

കേരളത്തില്‍ ആശ്വാസമഴ; ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, തീരദേശവാസികള്‍ക്ക് ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തില്‍ നാളെ പത്തനംതിട്ടയില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തും മഴ ലഭിക്കും.

14/05/2024-പത്തനംതിട്ട, 15/05/2024-തിരുവനന്തപുരം, പത്തനംതിട്ട, 16/05/2024-തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17/05/2024-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ തീയതികളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രവചിച്ചിരിക്കുന്നത്.

2024 മെയ് 14,15 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തിങ്കളാഴ്ച രാത്രി 11.30 വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

1. തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക,’ തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: latest weather upadtion of kerala

We use cookies to give you the best possible experience. Learn more